Saturday, May 30, 2009

ലേഖനം

കേരളത്തിന്‍റെ ഭാവി
(കുറുക്കന്‍ കുമാരന്‍ ബാര്‍ബര്‍ഷോപ്പില്‍ നിന്നും മൊഴിഞ്ഞത്)
ഇസ്‌ലാം തീവ്രവാദം വര്‍ദ്ധിക്കും. ഓരോ പാര്‍ട്ടിയിലുമുള്ള ഹിന്ദുക്കള്‍ ഹിന്ദുത്വത്തിലേക്കു മാറും. കേരളം നിരന്തരമായി വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടക്കുന്ന ഒരു യുദ്ധഭൂമിയാകും.

Friday, May 8, 2009

ശത്രുസംഹാരം
അങ്ങനെയാണ് ഒരു ശത്രുസംഹാരപൂജ നടത്താന്‍ തീരുമാനിച്ചത് (ഇങ്ങനെയൊക്കെയാണല്ലോ കഥ തുടങ്ങുക). ചുറ്റുപാടും ശത്രുക്കള്‍, പിന്നില്‍ നിന്നുള്ള കുത്തുകള്‍. സഹികെട്ടാണ് ഈ ബ്ലോഗ് തുടങ്ങിയത്. ഇതിലും ശത്രുക്കളുടെ വൈറസുകളുണ്ട്. ഇനിയും സഹിച്ചുനിന്നുകൂടാ. ഒരു ശത്രുസംഹാരപൂജ തന്നെ. ഞാന്‍ ആത്മസുഹൃത്തും എഴുത്തുകാരനുമായ എളിമപുരത്തെയും കൂട്ടി കുഞ്ഞിരാമപ്പണിക്കരെ കണ്ടു. വേണ്ട സാധനങ്ങളൊക്കെ വാങ്ങി.
പൂജ തുടങ്ങുമ്പോള്‍ ഞാന്‍ പണിക്കരോടു ചെവിയില്‍ പറഞ്ഞു: പൂജ ഫലിക്കുമോ. ശത്രുവിന് എന്തുസംഭവിക്കും? വെത്തിലയില്‍ ചുണ്ണാമ്പ് തേക്കുന്നതിനിടയില്‍ അങ്ങേയറ്റത്തെ ലാഘവത്തില്‍ പണിക്കര്‍: തല പിളരും. ചാമ്പലാകും.
വീണ്ടും ഞാന്‍ : ശത്രുവിന്റെ തല പിളരലിന് ഒരുപാടു സമയമെടുക്കുമോ?
എന്നെ ഒന്ന് അമര്‍ത്തിനോക്കി പണിക്കര്‍: പൂജ കഴിയുമ്പോഴേക്കും ഫലിക്കും.
പൂജ കഴിഞ്ഞു .
എന്റെ പണം നഷ്ടപ്പെട്ടതുപോലെ.
പണം കൊടുക്കുമ്പോള്‍ പണിക്കരോടു മന്ത്രിച്ചു: പൂജ ഫലിച്ചില്ല. എളിമപുരം അതാ ഒന്നും സംഭവിക്കാതെ.....
പണിക്കര്‍ ഒന്നും പറയാതെ ഭാണ്ഡവുമെടുത്തു പോയി. അപ്പോള്‍ എന്റെ തലയ്ക്കു ചെറിയൊരു കടച്ചില്‍. അത് കൂടിക്കൂടി വന്നു. ഈര്‍ച്ചവാള്‍ കൊണ്ട് തല ഈര്‍ന്നുപിളര്‍ക്കുന്നതു പോലെ.....
"ഈശ്വരാ.....വെള്ളം.....വെള്ളം....."
എളിമപുരം വെള്ളത്തിനായോടി.

Saturday, April 25, 2009

ക്ഷുഭിതയൗവനം
അച്ഛന്റെ ഒരു കാല്‍വിരല്‍ ഷുഗറായിട്ട് മുറിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും പഴുപ്പുകയറി. ഞാനും അച്ഛനും കോഴിക്കോട് പി.വി.എസ്.ആശുപത്രിയില്‍. ഒരു പക്ഷെ കാലുതന്നെ മുറിക്കേണ്ടി വരാം. കുട്ടിക്കാലം മുതല്‍ക്കുതന്നെ അച്ഛന്റെ കരിങ്കല്ലുപോലുള്ള സ്വഭാവവും എന്റെ ഭ്രാന്തുകളും എട്ടുമുട്ടിക്കൊണ്ടേയിരുന്നു. എത്രപ്രാവശ്യം ഞാന്‍ വീടുവിട്ടിട്ടുണ്ട്, അച്ഛനും. കൊഴുത്ത കഫക്കെട്ടിന്റെ ആകൃതിയിലാണ് എന്റെ വീട്.
ആശുപത്രിയില്‍ അച്ഛനുകൂട്ടായി ഞാന്‍ മാത്രം. ഞങ്ങള്‍ ആറുമക്കളാണ്. മറ്റാരും വന്നില്ല. ഏകാകിയായി സ്വന്തം ലോകത്ത് അച്ഛന്‍ . എന്റെ നാടകസുഹൃത്തുക്കള്‍ പലരും വരും. എ.ശാന്തകുമാര്‍, നവീന്‍രാജ് മലാപ്പറമ്പ്, എബി, സോമന്‍ കടലൂര്‍, രാജ്കുമാര്‍. അവര്‍ അന്തരീക്ഷം തണുപ്പിക്കാന്‍ ശ്രമിക്കും. എങ്കിലും അച്ഛനാരോടും അടുത്തില്ല. ജീവിതം കൈവിട്ടുപോകുന്നു എന്ന ചിന്തയായിരുന്നു അച്ഛന്റെയുള്ളില്‍. ഒടുവില്‍ ഡോക്ടര്‍ ഒരു വിരല്‍ കട്ട് ചെയ്യണമെന്നു പറഞ്ഞു. പഴുപ്പുണ്ടെങ്കില്‍ കൂടുതല്‍ ഭാഗവും..... പച്ചക്കുപ്പായമിട്ട് ഓപ്പറേഷന്‍ തിയേറ്ററിലേക്കു പോകുമ്പോള്‍ അച്ഛന്‍ പറഞ്ഞു:
ഞാനിനി എങ്ങന്യാ വര്വാന്നറിഞ്ഞൂടാ. അച്ഛന്റെ കണ്ണുകള്‍ നനഞ്ഞിരുന്നു.
പലരെയും സഹായിച്ചിട്ടുണ്ട്. ആരും ആശുപത്രീപ്പോലും വന്നില്ല -അച്ഛന്‍ എന്നെ ചേര്‍ത്തുപിടിച്ച് കരഞ്ഞു. നിനക്കു ഞാന്‍ എന്തുവേണേലും തരാം.
ഞാനൊന്നും പറഞ്ഞില്ല.
തിയേറ്ററിലേക്കു കടക്കുമ്പോള്‍ അച്ഛന്‍ തിരിഞ്ഞുനോക്കി. ഒന്നും വരില്ലെന്ന ഭാവത്തില്‍ ഞാന്‍ ചിരിച്ചു. അച്ഛന്‍ പോയപ്പോള്‍ ഞാന്‍ കരഞ്ഞു. വെറുതെ മനസ് പിറുപിറുത്തു: പ്രിയപ്പെട്ട അച്ഛാ നിങ്ങള്‍ക്കെന്റെ നഷ്ടപ്പെട്ട കുട്ടിക്കാലം തിരിച്ചുതരാന്‍ കഴിയുമോ? അങ്ങനെ ചിന്തിക്കാന്‍ പാടില്ല. മനസ് വിയര്‍ത്തു. ഒന്നുരണ്ട് മണിക്കൂര്‍ ഇരുന്നു. ടെന്‍ഷന്‍ കൊണ്ട് നവീനെ വിളിച്ചു. അവന്‍ ഓടിയെത്തി. ഡോക്ടര്‍ ലിയ ഒരു നാടകസ്നേഹിയാണ് -അവന്‍ പറഞ്ഞു. മറ്റാര്‍ക്കും കടക്കാന്‍ കഴിയാത്ത ഓപ്പറേഷന്‍ തിയേറ്ററില്‍ അച്ഛനഭിമുഖമായി ഞാന്‍ ഡോക്ടറുമായി സംസാരിച്ചു
:പഴുപ്പുള്ളിടത്ത് മാത്രം. അച്ഛനൊന്നും പറ്റരുത്‌.
വീണ്ടും കാത്തിരിപ്പ്. തിയേറ്ററിന്റെ വാതില്‍ തുറന്നു. സ്ട്രച്ചറില്‍ അച്ഛന്‍ . ഞാന്‍ അച്ഛന്റെ മുഖത്തേക്കാണാദ്യം നോക്കിയത്.
കുറച്ചുമാത്രമേ എടുത്തുള്ളൂ -നേര്‍ത്ത മന്ദഹാസത്തോടെ അച്ഛന്‍ . റൂമിലേക്ക്‌ സ്ട്രച്ചറുന്തി പായുമ്പോള്‍ അച്ഛന്റെ മുഖത്ത് എന്റെ നഷ്ടപ്പെട്ട കുട്ടിക്കാലം ഞാന്‍ കണ്ടു.

Saturday, April 18, 2009

കടല്‍സഞ്ചാരം

കണ്ടമാത്രയില്‍തന്നെ ഹൃദയം നൊന്തു. പ്രണയം. കുഞ്ഞുനാള്‍ മുതല്‍ ഞാന്‍ വരച്ചുകൊണ്ടിരുന്നത് ഇവളുടെ ചിത്രമായിരുന്നു. കാലങ്ങളായി ഈ രൂപം തേടി അലയുകയായിരുന്നു ഞാന്‍ . ഒരു മുയല്‍കുഞ്ഞുപോലുള്ള പെണ്‍കുട്ടി. പക്ഷെ വന്യമായ ഏതോ കരുത്ത് അവളുടെ സിരകളിലുണ്ട്. ആദ്യം കണ്ടപ്പോള്‍ ഒന്നും പറയാന്‍ കഴിഞ്ഞില്ല. ഒരുപാട് ഗസലുകളുടെ മടിയിലിരുന്ന് ഒരു 400 പേജ് നോട്ടുനിറയെ അവളെ വരച്ചു. ഒരു നാടക റിഹേഴ്സല്‍ മുറിയില്‍ പാതിരാത്രി പുസ്തകം കൈമാറി. പ്രണയത്തിന്റെ നോവും കിനാവും കൊണ്ട് ഉന്മാദം പൂണ്ട് മദ്യശാലകളിലൂടെ നടന്നു. ഒടുവില്‍ ഉടയാടകളില്ലാതെ പരസ്പരം പുതപ്പുകളായി കിടന്നു വിതുമ്പി. ആ ദിവസം രാവിലെ അവളുടെ എഴുത്തുമുറിയിലിരുന്ന് ഞാനെഴുതി: "പ്രിയപ്പെട്ടവളേ നിന്റെ തീരത്തേക്ക് ഇനിയും മുക്കുവന്മാര്‍ വരാം. പക്ഷെ അങ്ങേയറ്റം പുരാതനമായ ഒരു നൗകയില്‍ പ്രാക്തനനായ ഒരു മുക്കുവന്‍ നിന്റെ തീരത്തെത്തിയ വിവരം അവരോടു പറയണം."
അവളെങ്ങോ പോയ്മറഞ്ഞു. സിരകളില്‍ ലഹരിപെരുകുന്ന സന്ധ്യകളില്‍ ഇപ്പോഴും അവളുടെ തീരത്തെത്താന്‍ വെമ്പാറുണ്ട്. പ്രിയപ്പെട്ടവളേ നിന്റെ മനസില്‍ എപ്പോഴെങ്കിലും ഈ പ്രാക്തനനായ മുക്കുവനെക്കുറിച്ചുള്ള ഓര്‍മകളുണരാറുണ്ടോ? തുളവീണ തോണിയില്‍ കുതിച്ചുയരുന്ന തിരകള്‍ മുറിച്ചെത്തുന്ന ഈ പരാജിതനായ മുക്കുവന്‍ നിന്റെ കിനാക്കടലില്‍ എവിടെങ്കിലുമുണ്ടോ സഖീ?

Saturday, April 11, 2009

Life is Beautiful

രാഘവേട്ടന്‍ . വയസ് 65. ഉച്ചയ്ക്ക് പുള്ളിക്കാരന്‍ അതിവേഗത്തില്‍ വീട്ടിലേക്ക് പോകുമ്പോള്‍ ഉപ്പുപെട്ടിക്ക് മുകളിലിരുന്ന ഞങ്ങള്‍ ചോദിച്ചു: രാഘവേട്ടാ ധൃതിയിലെങ്ങോട്ടാ?
ഓടുന്നതിനിടെ രാഘവേട്ടന്‍ : ഭാര്യയ്ക്ക് ഉച്ചക്കേത്ത കിസ്ക്(കിസ്) കൊടുക്കാന്‍ പോവുവാ.
എന്തൊരു മനോഹരമായ ദാമ്പത്യം!

Friday, April 3, 2009

ആണെഴുത്ത്

വിജയന്‍മാഷ് കണ്ട ഉടനെതന്നെ അയാളുടെ കല്യാണം ഉറപ്പിച്ചകാര്യം പറഞ്ഞു. കുട്ടിയെ കണ്ടു, ജോലിയുണ്ട്‌, ഇഷ്ടപ്പെട്ടു. എങ്കിലും കുട്ടി എന്റെ നാട്ടിലാണ് ഒന്നന്വേഷിക്കാം എന്ന രീതിയില്‍ വന്നതാണ്‌. അവളുടെ വിലാസം പറഞ്ഞപ്പോള്‍ പെട്ടെന്നുതന്നെ എനിക്കവളെ മനസിലായി. ഒന്നുരണ്ട് വര്‍ഷംമുമ്പ് അവള്‍ ഒരു പയ്യന്റെ കൂടെ ഊട്ടിയില്‍ ഒരാഴ്ച താമസിച്ചതാണ്. സംഗതി നാട്ടില്‍ പാട്ടാണ്. ആ കാര്യം പറയണോ പറയാതിരിക്കണോ എന്ന് ശങ്കിച്ചിരിക്കുമ്പോള്‍ ഒരാത്മഗതം പോലെ വിജയന്‍ മാഷ്: വെറുതെ അന്വേഷിക്കുന്നെന്നേയുള്ളൂ. അടുത്താഴ്ച നിശ്ചയമാണ്. ജാതകത്തില്‍ ഏഴ് പൊരുത്തം.
ഒരു പെണ്‍കുട്ടിയുടെ ഭാവിയല്ലേ എന്നോര്‍ത്ത് ഞാനവളെപ്പറ്റി നല്ലതുമാത്രം പറഞ്ഞു. അല്ലെങ്കിലും എത്രയെത്ര പ്രണയപ്പാതകള്‍ കടന്നാണ് ഓരോരുത്തരും കതിര്‍മണ്ഡപത്തിലെത്തുന്നത്? മാത്രമല്ല, ഈ വിജയന്‍ മാഷെക്കുറിച്ചെനിക്കെന്തറിയാം? വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുശേഷം ഞാനയാളെ ടൗണില്‍ കണ്ടു. വല്ലാത്തൊരു സംതൃപ്തി അയാളുടെ മുഖത്ത് നിറഞ്ഞുനിന്നിരുന്നു. ടൗണില്‍ ഓരത്ത് കൂട്ടിക്കൊണ്ടുപോയി ഒരു സര്‍ബത്ത് വാങ്ങിത്തന്ന് അയാള്‍ പറഞ്ഞു: പതിവ്രതയാണ് മോനേ പതിവ്രത. ഒരാഴ്ചയായി ചവിട്ടും കുത്തുമാ. (ചെവിയില്‍ പറഞ്ഞു) അവള്‍ക്കിതാദ്യത്തെ അനുഭവമാ. ഭയങ്കര ടൈറ്റ്..... എന്തൊരു നൈര്‍മല്യം.
ഞാന്‍ ജൂറി ചെയര്‍മാനായിരുന്നെങ്കില്‍ അഭിനയത്തിനുള്ള ഓസ്കര്‍ ആ പെണ്‍കുട്ടിക്ക് കൊടുക്കുമായിരുന്നു.

Sunday, March 29, 2009

ഗ്രീഷ്മംപോലെ


ഞാന്‍
'ട്വിസ്റ്റ് ' എന്ന ടെലിഫിലിമെഴുതാന്‍ കൂത്തുപറമ്പിലെ ലോഡ്ജില്‍. കൂട്ടിന് താജുദ്ദീന്‍ . ലോഡ്ജ് എന്നുപറഞ്ഞാല്‍ പഴയ ഒരു വീടാണ്. പ്രശാന്താണ് നോക്കിനടത്തുന്നത്. എനിക്കവിടെ എല്ലാ സ്വാതന്ത്ര്യവുമുണ്ട്‌. ഈ ലോഡ്ജിലിരുന്ന് ഞാനൊരുപാട് ടെലി സ്കിറ്റുകളെഴുതിയിട്ടുണ്ട്. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ പ്രശാന്ത് പറഞ്ഞു
:അപ്പുറത്തെ മുറിയില്‍ ഷാജി എന്നൊരാള്‍ വന്നിട്ടുണ്ട്. അയാളുടെ പണം മുഴുവന്‍ പോക്കറ്റടിച്ചുപോയി. ബാംഗ്ലൂരിലാണ്. ഭക്ഷണമൊക്കെ ഞാനാണ്‌ വാങ്ങിച്ചുകൊടുക്കുന്നത്.
ഒരു ദിവസം ഞാന്‍ ഷാജിയോട് വരാന്തയില്‍ സംസാരിച്ചു. കോള്‍സെന്ററില്‍ ജോലി ചെയ്യുന്നു. ഇംഗ്ലിഷിലും മലയാളത്തിലുമായി അയാള്‍ ഓരോ കാര്യങ്ങള്‍ പറഞ്ഞു. പണം കളവുപോയി. ബാങ്ക് വഴി അയക്കാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട് എന്നൊക്കെ. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ നല്ല ത്രില്ലിലായിരുന്നു. ടെലിഫിലിം തീര്‍ന്നു. അപ്പോള്‍ മുറിയില്‍ വരാമോ എന്ന് ഷാജിയുടെ ചോദ്യം. ഞാനയാളെ സ്വാഗതം ചെയ്തു. കടലാസില്‍ ഞാനൊരു ചിത്രം വരച്ചിട്ടുണ്ടായിരുന്നു. ഷാജി ചിത്രത്തെപ്പറ്റി പറഞ്ഞു. അത് മനസിനെ അസ്വസ്ഥമാക്കു‌ന്നെന്ന്. സാഹിത്യം, രാഷ്ട്രീയം, സംസ്കാരം എന്നിവയെക്കുറിച്ചൊക്കെ ഷാജി സംസാരിച്ചു. പക്ഷെ എന്റെ ഇഷ്ടവിഷയമായ പ്രണയം മാത്രം അയാള്‍ സംസാരിച്ചില്ല. ഒന്നുരണ്ട് സാംസ്‌കാരികനായകരുടെ ഫോണ്‍നമ്പര്‍ വാങ്ങുകയും ചെയ്തു. മനസിന്‌ തീരെ ശാന്തതയില്ല-അയാള്‍. ഞാന്‍ 300 രൂപ അയാള്‍ക്ക് കൊടുത്തു. മദ്യപിക്കാനോ സിനിമ കാണാനോ. ഞാന്‍ കുളിമുറിയിലേക്കുപോയി. കുളിച്ചുവന്നപ്പോള്‍ മൊബൈലില്ല. ഷാജി രക്ഷപ്പെട്ടിരിക്കുന്നു. വല്ലാത്ത ദേഷ്യം തോന്നി. പൊലീസില്‍ പരാതി നല്‍കി. ഷാജിയുടെ തൊഴില്‍ മോഷണമാണെന്ന് മനസിലായി. അയാള്‍ക്ക് കരാട്ടെയില്‍ ബ്ലാക്ക്‌ബെല്‍ട്ടുണ്ട്. പരാതി നല്‍കിയിറങ്ങുമ്പോള്‍ സര്‍ക്കിള്‍ പറഞ്ഞു: അവനെ കണ്ടാല്‍ പിടിക്കാന്‍ നോക്കേണ്ട. ഫോണ്‍ ചെയ്താല്‍ മതി. മൊബൈലല്ലേ പോയുള്ളൂ. എനിക്ക് മൊബൈല്‍ പോയതില്‍ സങ്കടമില്ല. പക്ഷെ അതില്‍ ഒരുപാട് കാമുകിമാരുടെ നമ്പറുകളുണ്ടായിരുന്നു. ഞാനത് ജീവിതലക്ഷ്യം പോലെ കാലങ്ങള്‍ കൊണ്ട് സമ്പാദിച്ചതായിരുന്നു. അതിനി സംഘടിപ്പിക്കാന്‍ കഴിയില്ല. ഷാജിയിപ്പോള്‍ മാണിക്കോത്താണെന്നു പറഞ്ഞ് അവരോട് സല്ലപിക്കുകയായിരിക്കുമോ?

Friday, March 20, 2009

സദാചാരം

കോളേജില്‍ പഠിക്കുന്ന കാലമാണ്‌. തലശ്ശേരി പങ്കജില്‍ ഞാനുമൊരു സുഹൃത്തും കമ്പിപ്പടത്തിനു കയറി. സിനിമ തുടങ്ങി. പീസുകളൊക്കെ വന്നുതുടങ്ങിയിട്ടേയുള്ളൂ. സുഹൃത്തിന്റെ ഇരിപ്പിടം ചെറുതായി ഇളകുന്നതുപോലെ. അതിന്റെ വേഗം കൂടിക്കൂടിവന്നു. ഒറ്റയ്ക്കും തെറ്റയ്ക്കും ആളുകള്‍ മാത്രമേയുള്ളൂ. ഇപ്പോള്‍ സിനിമ തുടങ്ങി ഏതാണ്ട് ഇരുപത് മിനിട്ടായിട്ടേയുള്ളൂ.
പൊടുന്നനെ സുഹൃത്ത് ഗൗരവത്തില്‍: ഇതൊക്കെ അശ്ലീല ചിത്രങ്ങളാണ്. നമ്മളെ വഴിപിഴപ്പിക്കും. ഇതൊക്കെ റെയ്ഡ് ചെയ്ത് നിരോധിക്കണം. നമുക്ക് പോകാം.
തകര്‍പ്പന്‍ രംഗങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂവെങ്കിലും അവനെന്നെ വിട്ടില്ല. എത്ര പെട്ടെന്നാണ് ജഗദീശ്വരാ ഒരാള്‍ക്ക് മാനസാന്തരം വരുന്നത്?

Saturday, March 14, 2009

വേദനാപൂര്‍വം

1. ചുറ്റുപാടും ബോംബുകളുടെയും നിലവിളികളുടെയും ശബ്ദം മാത്രം. ഈ കുറിപ്പ് ടൈപ്പ് ചെയ്യുന്നതുവരെ ഞാനോ എന്റെ ചെറിയ വായനക്കാരോ ഉണ്ടാകുമോ എന്നറിയില്ല. ഇപ്പോള്‍ എന്റെ മനസില്‍ ഒരു നാടകമാണ്. രാഷ്ട്രീയ സംഘട്ടനത്തില്‍ മരിച്ചുവീണ ഓരോ മനുഷ്യന്റെയും ഭാര്യമാരും അമ്മമാരും തങ്ങളുടെ സങ്കടങ്ങള്‍ പാനൂരിലെ തെരുവില്‍ ഒരു കഥാപാത്രമായി വിളിച്ചുപറയുന്നതും, ഒടുവില്‍ അരങ്ങില്‍ നിന്നും സ്നേഹത്തിന്റെ ഒരായിരം വെള്ളരിപ്രാവുകള്‍ പറക്കുന്നതും. ഒരു കലാകാരന് ഇങ്ങനെ ചില സ്വപ്‌നങ്ങള്‍ കാണാനേ കഴിയൂ എന്നില്ല. കനത്ത ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കാനും കഴിയണം. എന്തോ..... എനിക്കെന്നല്ല, എന്റെ സുഹൃത്തുക്കള്‍ക്കും കലാസമിതിക്കാര്‍ക്കും അതിന് കഴിയുന്നില്ല. പലതും ഒളിപ്പിച്ചുവെക്കാനുള്ള ഉപായം കൂടിച്ചേര്‍ന്നതാണല്ലോ സാഹിത്യം. വയ്യ സുഹൃത്തേ. ഈ നാടിനെ ആകാവുന്നിടത്തോളം നെഞ്ചിലേറ്റുമ്പോഴും -മടുത്തു. എപ്പോഴാണ് ഞങ്ങളുടെ നാട്ടില്‍ ഒരു ബോധിവൃക്ഷം ഉയരുക?
2. പാനൂരിലെ ഒരു രാഷ്ട്രീയകക്ഷിയില്‍പ്പെട്ട നാല് ക്രിമിനലുകള്‍ ആരെയോ കൊല്ലാന്‍ പോവുകയായിരുന്നു. കുറേനേരം കഴിഞ്ഞു . ആരെയും കിട്ടിയില്ല. അപ്പോള്‍ ബോധോദയം വന്ന ഒരു ചെറുപ്പക്കാരന്‍ പറഞ്ഞു: പേടിക്കാനൊന്നുമില്ല, ആരെയും കിട്ടിയില്ലെങ്കില്‍ മറ്റേ കക്ഷിയില്‍പ്പെട്ട ഏട്ടന്‍ വീട്ടിലുണ്ട്.
3. ഇത് പാനൂരിന്റെ മനസ്. കാലങ്ങളായി ഇവിടെ ചാവേറുകളായി മനുഷ്യന്‍ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ഇപ്പോള്‍ കറന്റില്ല. കേബിള്‍ കട്ടാണ്. ഇന്നലെ ഒരു നിരപരാധിയായ സുഹൃത്ത് കുന്നോത്തുപറമ്പില്‍ കൊല്ലപ്പെട്ടു. അരയാക്കൂലില്‍ ആരോ കൊല്ലപ്പെട്ടിട്ടുണ്ട്. ഏത് രാഷ്ട്രീയക്കാരനാണെന്ന് അറിയില്ല. എന്തായാലെന്ത് അവനും ഒരു മനുഷ്യനല്ലേ ചങ്ങാതീ?

Saturday, March 7, 2009

പോഷ് ലൈഫ്

ഷാജി പറഞ്ഞതാണ്‌. അവനും മനുവും അടിച്ചുപൊളിക്കാന്‍ മംഗലാപുരത്ത് പോയി. ജോലിയൊന്നുമില്ലെങ്കിലും പേപ്പര്‍ വിറ്റതും കൊട്ടടക്ക വിറ്റതുമൊക്കെയായി കുറച്ചു കാശുണ്ട്. എത്ര കാലമായി പൊക്കേട്ടന്റെ ഹോട്ടലില്‍ പുട്ടും കടലക്കറിയും കഴിക്കുന്നു. ടൌണിലെ വലിയ ഹോട്ടലില്‍തന്നെ കയറി. ഹോട്ടലില്‍ നിറങ്ങളുടെ ഉത്സവം, മന്ത്രസ്ഥായിയില്‍ ഗസല്‍, കമനീയമായി അലങ്കരിച്ച ടേബിളുകള്‍, വൃത്തിയുള്ള യൂണിഫോമിട്ട സപ്ലയര്‍... പെട്ടെന്നുതന്നെ നാട്ടില്‍നിന്നും വേര്‍പെട്ട് മനോഹരമായ ഒരു ഭൂഖണ്ടത്തിലെത്തിയതുപോലെ അവര്‍ക്കുതോന്നി. സപ്ലയര്‍ വന്നു. ബ്രഡിന് കൂട്ടാന്‍ ഗോള്‍ഡ്ഫിഷ് ഫ്രൈയുണ്ട്, സില്‍വര്‍ഫിഷ് ഫ്രൈയുണ്ട്. സപ്ലയറുടെ വായില്‍നിന്നും അത് കേട്ടപ്പോള്‍തന്നെ നാവില്‍ വെള്ളമൂറി. എത്ര പണമാകും? സാരമില്ല, ഒരു ദിവസമെങ്കിലും നരിയായി ജീവിക്കണം. ഷാജി ഗോള്‍ഡ്ഫിഷ് ഫ്രൈക്കും മനു സില്‍വര്‍ഫിഷ് ഫ്രൈക്കും (പണത്തിന്റെ പ്രശ്നമെങ്ങാനും വരുമോ എന്നു ഭയന്ന്) ഓര്‍ഡര്‍ കൊടുത്തു. ചൂടുള്ള പ്ലേറ്റില്‍ താളംപിടിച്ച് ചൂളമടിച്ച് അവര്‍ വെയ്റ്റ് ചെയ്തു.
സപ്ലയര്‍ സാധനം കൊണ്ടുവന്നപ്പോള്‍ അവര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
ഗോള്‍ഡ്ഫിഷ് ഫ്രൈ എന്നത് നാട്ടില്‍നിന്ന് മീന്‍കാരന്‍ മൂസക്ക വാരിക്കോരി കൊടുക്കുന്ന പുയ്യാപ്ല കൂട്ടാന്‍ . സില്‍വര്‍ഫിഷ് ഫ്രൈ ആരും വാങ്ങാത്ത വേളൂരി.
അഞ്ഞൂറ് രൂപയിലധികം ബില്‍ കൊടുത്ത് രണ്ടുപേരും നിസ്വരായി മംഗലാപുരം റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നു.

Saturday, February 28, 2009

സൈദ്ധാന്തികം

എം.എന്‍ .വിജയന്‍ മരിച്ചതിനുശേഷം ശിഷ്യരും ദത്തുപുത്രരും തുരുതുരാ എഴുതിക്കൊണ്ടിരുന്നു. ചിലര്‍ അച്ഛനാണ് വിജയന്‍ മാഷെന്ന്, ചിലര്‍ ഗുരുവാണെന്ന്, ചിലരാകട്ടെ ദൈവമാണെന്ന്. വിജയന്‍ മാഷ് അച്ഛനാണെന്ന് വിവരിക്കുന്ന ഒരു ലേഖനം വായിച്ചശേഷം ഞാന്‍ ശ്രീമതിയോട് പറഞ്ഞു.
:വിജയന്‍ മാഷിന് ഒരുപാടു പേര്‍ അച്ഛനാണ്. അതിന്റെ ഗുട്ടന്‍സ് എന്താണെന്നുവെച്ചാല്‍, വിജയന്‍ മാഷ് കോലായിലിരിക്കുന്നുണ്ടാവും. വിജയന്‍മാഷെ തേടി ചെല്ലുന്നവര്‍ക്ക് അദ്ദേഹവുമായി സംവദിക്കാനോ അദ്ദേഹത്തിന്റെ ആശയങ്ങള്‍ നെഞ്ചില്‍ പേറാനോ ശേഷിയില്ല. അപ്പോള്‍ അവര്‍ അമ്മേ എന്നും പറഞ്ഞ് അടുക്കളയില്‍ പാഞ്ഞുകയറി മുരിങ്ങാക്കായ് മുറിച്ചിടും. തക്കാളിയെപ്പറ്റി അഭിപ്രായം പറയും. ബൗദ്ധികശേഷി ഇല്ല എന്നതാണ് ഇതിന്റെ പിന്നിലെ യഥാര്‍ഥപ്രശ്നം.
അപ്പോള്‍ ശ്രീമതി: അവരെക്കൊണ്ട് അത്രയെങ്കിലും ഉപകാരമുണ്ട് മനുഷ്യാ.

Saturday, February 21, 2009

കോണ്ടം തിയറി

ഈയിടെ ഒരു നിരോധ് വാങ്ങേണ്ട ആവശ്യം വന്നു. കണാരേട്ടന്റെ പീടികയില്‍ ചെന്ന് അല്പമൊരു ലജ്ജയോടെ കാര്യമവതരിപ്പിച്ചു. പീടികയ്ക്ക് മുന്നില്‍ രണ്ട് ബെഞ്ചിലായി കുപ്പായമില്ലാത്ത കഥാപാത്രങ്ങളുണ്ടാകും. എന്റെ നിരോധ് വിഷയം ഊക്കനൊരു ചര്‍ച്ചയ്ക്ക് വഴിമരുന്നായി.
:"മാഷിനെന്താ ഒരു കുട്ടികൂടി വേണ്ടേ?"
:"ഇപ്പോഴത്തെ കുട്ടിക്ക് അഞ്ചു വയസ് കഴിഞ്ഞില്ലേ?"
:"പണ്ടൊക്കെ വീടുകളില്‍ കണ്ടമാനം പിള്ളേരില്ലായിരുന്നോ?"..... എന്നൊക്കെ.
ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടം എന്നുപറഞ്ഞ്‌ ചര്‍ച്ച ഒന്നു നനച്ചത്‌ സജീവനാണ്. സജീവന്‍ അവിവാഹിതനാണ്. പെയിന്റിങ്ങാണ് ജോലി. മദ്യപിക്കില്ല, പുകവലിക്കില്ല. മരണവീട്ടിലും കല്യാണവീട്ടിലും ആദ്യാവസാനക്കാരന്‍ . ചിലപ്പോള്‍ എന്റെ മനസ് തനിയെ പറയാറുണ്ട്: ഇങ്ങനെയുള്ള ചെറുപ്പക്കാരാണ് ഓരോ നാടിനേയും മുന്നോട്ടു നയിക്കുന്നത്.
പിന്നീട് പലപ്പോഴായി കണാരേട്ടന്റെ പീടികയില്‍ വലിയപേക്ക്‌ നിരോധ് ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ഞാനുള്ളപ്പോള്‍ ആരും വാങ്ങുന്നത് കാണുന്നില്ല. പ്ലസ്ടു ബബീഷുമാര്‍ക്ക് ഈ വക കാര്യങ്ങളില്‍ വലിയ interest ഇല്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. മുസ്‌ലിം ഏരിയ ആയതുകൊണ്ട് ആണുങ്ങള്‍ അധികം നാട്ടിലില്ല. എന്നിട്ടും എങ്ങനെയാണ് അരിച്ചാക്ക് കാലിയാകുന്നതുപോലെ നിരോധ് തീരുന്നത്? കണാരേട്ടന്‍ ഇന്നലെ ഒരു പേക്കറ്റ് കാമസൂത്രയും മൂഡ്സും കൊണ്ടുവെച്ചിട്ടുണ്ട്. ഇത് ചെറിയ കടയാണ്. സിഗരറ്റിന്റെയും പാന്‍പരാഗിന്റെയും കച്ചവടമേയുള്ളൂ. കൂടുതല്‍ സാധനങ്ങള്‍ മിക്കവരും തലശ്ശേരിയില്‍ നിന്ന് ഹോള്‍സെയിലായാണ് വാങ്ങുന്നത്. പലപ്രാവശ്യം പലവേഷത്തിലും ഭാവത്തിലും നിരോധ് വിഷയത്തിന്റെ കാരണമറിയാന്‍ ഞാന്‍ കടയില്‍ നില്‍ക്കും. ഇല്ല, ആരും വാങ്ങുന്നില്ല. കടയില്‍ മിക്കപ്പോഴും ചര്‍ച്ചകളായിരിക്കും. അക്രമത്തെക്കുറിച്ച്, ലാവലിനെക്കുറിച്ച്, ആണവകരാറിനെക്കുറിച്ച്..... ഒക്കെ ആരെയും ബുദ്ധിമുട്ടിക്കാത്ത കാരംസ് കളിപോലുള്ള ചര്‍ച്ചയാണ്. എന്റെ മനസിലെ സി.ബി.ഐ. വീണ്ടും നിരോധ് വിഷയത്തില്‍ ഇന്‍വെസ്റ്റിഗേഷന്‍ തുടര്‍ന്നു. ഒരു തുമ്പും കിട്ടിയില്ല. ഒടുവില്‍ കണാരേട്ടന്‍ തനിയെയുള്ളപ്പോള്‍ ഞാന്‍ ചോദിച്ചു.
:ആരാ കണാരേട്ടാ ഈ നിരോധൊക്കെ വാങ്ങുന്നത്?
:സജീവന്‍ . എന്നെ നോക്കി ആക്കിയൊരു ചിരിചിരിച്ച് കണാരേട്ടന്‍ ബീഡിക്ക് തീ കൊളുത്തി.

Friday, February 13, 2009

സണ്ണിച്ചായന്‍

ബാംഗ്ലൂരിലാണ് ഞാന്‍ . സണ്ണിച്ചായനെ മുമ്പ് പരിചയപ്പെട്ടിരുന്നു. ഏഴടിയോളം ഉയരം. ഉറച്ച ശരീരം. മുമ്പ് നാട്ടിലുള്ളപ്പോള്‍ മുപ്പത് കേസില്‍ പ്രതിയായിരുന്നു. ഇപ്പോള്‍ ബാംഗ്ലൂരില്‍ സണ്ണിച്ചായനെന്നു കേട്ടാല്‍ ആരുമൊന്നു ഞെട്ടും. ഗൊട്ടിക്കരയിലെ ഏട്ടന്റെ കടയ്ക്കടുത്ത് നില്‍ക്കുകയായിരുന്നു ഞാന്‍ . പരുക്കന്‍ ശബ്ദത്തില്‍ ഒരു മുരടന്‍ ജീപ്പ് വന്ന് എനിക്കഭിമുഖമായി നിര്‍ത്തി.
അഞ്ചാറ് പാന്‍പരാഗുകള്‍ വായിലിടുന്നതിനിടയില്‍ സണ്ണിച്ചായന്‍ പറഞ്ഞു:കയറ്.
ഡ്രൈവിങ്ങിനിടയില്‍ സണ്ണിച്ചായന്‍
:ഒരു വണ്ടി വാങ്ങ്. മാഷ്ക്കെന്താ പ്രശ്നം. ഭാര്യയ്ക്ക് ജോലിയില്ലേ?
:വാങ്ങണം. ബാങ്കിലെ ലോണുകള്‍ നാവിലുടക്കിയിട്ടും ഞാന്‍ പറഞ്ഞു. സണ്ണിച്ചായന്‍ മുമ്പ് നാട്ടകം സാംസ്‌കാരികവേദിക്ക് 1000 രൂപ പിരിവു തന്നിട്ടുണ്ട്. ഞാനതോര്‍ക്കുകയായിരുന്നു.
:നാട്ടിലെ കള്ള് കുടിക്കണോ. ചെത്തിയ കള്ള്.
:ടൌണിലതെങ്ങനെ കിട്ടും-ഞാന്‍ .
നിസാരമായി വണ്ടി ഒരു കയറ്റം കയറി. ഒരു മുരള്‍ച്ചയോടെ ഞങ്ങള്‍ തെങ്ങുകളുടെ മഹാസമുദ്രത്തില്‍. ഒരു സ്ത്രീ പാത്രത്തില്‍ കള്ളുമായിരിക്കുന്നു.
രണ്ടുകപ്പ് വീതം ഞങ്ങള്‍ കുടിച്ചു. അഞ്ജനാപുരത്ത് സണ്ണിച്ചായന്റെ ബേക്കറിയിലെത്തി.
സണ്ണിച്ചായന് തുരുതുരാ ഫോണ്‍കോളുകള്‍. ആരും വരേണ്ട, എനിക്കിവിടെ പ്രശ്നമൊന്നുമില്ല എന്നു പറയുന്നത് കേട്ടു. സണ്ണിച്ചായന്‍ പറഞ്ഞു: ഇന്നലെ എന്റെ കടയില്‍ കയറി മൂന്നാല് ഗ്ലാസുകള്‍ പൊട്ടിച്ചു. പണിക്കാര്‍ക്ക് തല്ലും കിട്ടി.
:തിരിച്ചൊന്നും ചെയ്തില്ലേ?
സണ്ണിച്ചായന്‍ ഒന്നും പറഞ്ഞില്ല. എനിക്കൊരു പഴം ഇരിഞ്ഞുതന്നു. ബാംഗ്ലൂരില്‍ ഇലക്ഷന്‍ പ്രചാരണമാണ്. മൂന്നാലുപേര്‍ നടന്നുപോകുന്നു. തലയില്‍ ടവല്‍ കെട്ടിയ ഒരു ചെറുപ്പക്കാരനെ ചൂണ്ടി അങ്ങേയറ്റം ശാന്തനായി സണ്ണിച്ചായന്‍ :അവനാ പ്രശ്നമുണ്ടാക്കിയത്.
:തിരിച്ചൊന്നും -ഞാന്‍ വീണ്ടും.
:എന്തിന്. അക്രമം കൊണ്ടൊന്നും ഒന്നും തീരില്ല മാഷേ. മടുത്തു. ഞങ്ങളിപ്പോള്‍ തിരിച്ച് ഗൊട്ടിക്കരയിലേക്ക്. സ്റ്റിയറിങ്ങ് പിടിച്ച സണ്ണിച്ചായന്റെ കൈകളിലേക്ക് ഞാന്‍ നോക്കി, പ്രാകൃതവും വന്യവുമായ പാടുകളുള്ള കൈ. കുത്തുകൊണ്ട മുറിവ്... ഈ മനുഷ്യന്‍ ഒരു പാഠപുസ്തകമാണെന്ന് മനസില്‍ ആരോ പിറുപിറുത്തു.
സണ്ണിച്ചായനെക്കുറിച്ചുള്ള കുറിപ്പ് ഇങ്ങനെ നിര്‍ത്തിയതായിരുന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഏട്ടന്റെ മകന്‍ അനു വിളിച്ചുപറഞ്ഞു , സണ്ണിച്ചായന്റെ പീടികയില്‍ കുഴപ്പമുണ്ടാക്കിയവന്‍ മരിച്ചുകിടക്കുകയാണെന്ന്, സണ്ണിച്ചായനെ സംശയമുണ്ടെന്നും. ഈ ഓണത്തിന് ഞാന്‍ സണ്ണിച്ചായനെ കണ്ടു. നിങ്ങളായിരുന്നോ ചെയ്യിച്ചത്? ഞാന്‍ ആ കണ്ണുകളിലേക്കു നോക്കി ചോദിച്ചു.
:ഇല്ല മാഷേ. നിങ്ങള് വിശ്വസിക്കില്ല. അവന്‍ രണ്ടുമൂന്ന് കേസില്‍ പ്രതിയാ. ഞാനൊന്നുമറിയില്ല. സത്യമാ മാഷേ പറയുന്നത്. ഒക്കെ മടുത്തു. കൊല്ലലും കൊല്ലിക്കലും.
നാട്ടിലെ രാഷ്ട്രീയ കൊലപാതകങ്ങളെ സണ്ണിച്ചായന്‍ നിശിതമായി വിമര്‍ശിച്ചു. ഓരോ കൊലപാതകിയും അനുഭവിക്കുന്ന മാനസികപ്രയാസങ്ങളെക്കുറിച്ച് പറഞ്ഞു. കരിമ്പാറയിലൂടെ ഒഴുകുന്ന തണുത്ത ജലധാരപോലെയാണ് എനിക്ക് സണ്ണിച്ചായന്റെ സാമീപ്യം അനുഭവപ്പെട്ടത്. ശരിയാണ്, മുമ്പ് പറഞ്ഞതുപോലെ ഈ മനുഷ്യന്‍ ഒരു പാഠപുസ്തകമാണ്.

Monday, February 9, 2009

നാട്ടകം

ആകാശവാണിയില്‍ ചിത്രീകരണം കേട്ടെന്ന് ആശാരി നാണുവേട്ടന്‍ . ആശാരി നാണുവേട്ടനായിരുന്നു പണ്ടെന്നെ കളരി പഠിപ്പിച്ചിരുന്നത്.
:ഉഷാറായി ഇനിയുമിനിയുമെഴുതണം. നാണുവേട്ടന്റെ ആശംസ. ഞാന്‍ തലയാട്ടി. പോകുമ്പോള്‍ വളരെ പതിയെ നാണുവേട്ടന്‍ ചോദിച്ചു: ആ പലകമേല്‍ വെച്ചുതന്നെയല്ലേ എഴുതുന്നത്?
:പിന്നെ; ഞാന്‍ .
:അതിനാണ് ഞാനതുണ്ടാക്കിത്തന്നത്. ചിരിച്ചുകൊണ്ട് നാണുവേട്ടന്‍ .
പത്തിരുപത് വര്‍ഷങ്ങള്‍ക്കു മുമ്പ് വീട്ടില്‍ ആശാരിപ്പണിയെടുക്കുമ്പോള്‍ പാഴ്മരങ്ങള്‍കൊണ്ട് എഴുതാനായി നാണുവേട്ടനെനിക്കൊരു പലകയുണ്ടാക്കിത്തന്നിരുന്നു. ഇപ്പോഴും ഞാനെഴുതുന്നത് ആ പാഴ്മരപ്പലകയില്‍ വെച്ചാണ്‌. ശരിയാണ്, എന്റെ എഴുത്തിന്റെ വിജയങ്ങളുടെ ഒരു പങ്ക് ആശാരി നാണുവേട്ടനും പരാജയങ്ങള്‍ എനിക്കുമുള്ളതാണ്.

Friday, January 30, 2009

ഉന്മാദം

ഞാനിപ്പോള്‍ ബാംഗ്ലൂരിലെ നിംഹാന്‍സ് ചിത്തരോഗാശുപത്രിയിലാണ്. രോഗമെന്തെന്നറിയില്ല. കണ്ണൂര്‍ ആശുപത്രിയില്‍ ഡോ.ശിവരാമകൃഷ്ണന്റെയടുത്ത് ഒന്നു വയലന്റായതേ ഭ്രാന്താണെന്നു തോന്നിക്കുന്നതായുള്ളൂ. അതാണെങ്കില്‍ മന:പൂര്‍വമായിരുന്നു. You are too brilliant എന്നു പറഞ്ഞ് അയാളെന്നെ ഡിസ്ചാര്‍ജ് ചെയ്തു.
നിംഹാന്‍സില്‍ സുഖമാണ്. രാത്രി കിടക്കാന്‍നേരം ഏട്ടന്‍ വരും (ഏട്ടന്റെ പഴയ ബെഡിലാണ് ഞാനിപ്പോള്‍). ഉത്തര്‍പ്രദേശുകാരുമായി ക്രിക്കറ്റ് കളിക്കും. ബംഗാളിയെ മലയാളം പഠിപ്പിക്കും. ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ ചിത്രങ്ങള്‍ വരയും. എന്റെ മുറിയില്‍ ബംഗാളില്‍ നിന്നുള്ള ഒരു ഫുട്ബോള്‍താരം അഡ്മിറ്റ് ആയി. മുറിഇംഗ്ലീഷില്‍ ഞങ്ങള്‍ ഫുട്ബോളിനെപ്പറ്റി ഒത്തിരി സംസാരിച്ചു. വൈകുന്നേരം അയാള്‍ പറഞ്ഞു: Will you accompany Lalbag?
: Sure.
അയാളുടെ കൈയില്‍ ഒരു കവറുണ്ടായിരുന്നു. ഞങ്ങള്‍ ഒരു ഓട്ടോ പിടിച്ചു. ഉദ്യാനത്തിലൂടെ നടന്നുതളര്‍ന്ന ഞങ്ങള്‍ പൂക്കള്‍ക്കിടയില്‍ ചാരുബെഞ്ചിലിരുന്നു. അയാള്‍ പതിയെ കൈയിലെ കവര്‍ തുറന്നു. അതില്‍ ഒരു ചങ്ങലയും പൂട്ടും ഉണ്ടായിരുന്നു.
Dear friend, when I am violent please chain me- നിസാരമായാണയാള്‍ പറഞ്ഞത്. ഞാന്‍ കവര്‍ വാങ്ങി. അപ്പോള്‍ വെറുതെ ആലോചിച്ചു. ഞാന്‍ വയലന്റായാല്‍ ആരെന്നെ ബന്ധിക്കും? ഒരു ചങ്ങല വാങ്ങണം.

Saturday, January 24, 2009

ആര്‍ട്ടിസ്റ്റ്

മകനെ ഒരു വലിയ ആളാക്കണമെന്നുണ്ടായിരുന്നു. എന്‍ജിനീയറോ ഡോക്ടറോ. പഠിക്കും. ശ്രീമതിക്കായിരുന്നു കൂടുതല്‍ ആഗ്രഹം. പക്ഷെ അവനിപ്പോള്‍ ഏതുസമയവും ചിത്രം വരയാണ്. സ്വന്തമായി ഒരു നാടകം അഭിനയിക്കുന്നു. വീട്ടിലുള്ള പല സാധനങ്ങളും ശില്പങ്ങളാക്കുന്നു. ശ്രീമതിയും ഞാനും ഇരുന്നു പുകഞ്ഞു. ഒടുവില്‍ അവള്‍
:അവന്‍ ഒരു നല്ല കലാകാരനാകും. 'നല്ല' എന്ന പദം ഇത്തിരി വേവലാതിയോടെയാണ് അവള്‍ പറഞ്ഞത്.
പക്ഷെ എനിക്ക് കരച്ചില്‍ വന്നു. പ്രിയപ്പെട്ടവളേ ഞാനൊരിക്കലും അവനെ പ്രോത്സാഹിപ്പിക്കില്ല. എനിക്ക് ദൈവത്തോടു ചോദിക്കണം, ശപിക്കപ്പെട്ട ജന്മങ്ങളെ എന്തിനാണു നീ വീണ്ടും വീണ്ടും ഭൂമിയിലെറിയുന്നത്?
ഞാന്‍ അവന്റെ ശിരസ്സില്‍ നോക്കി. അതില്‍ ഇനി ഭ്രാന്തിന്റെ അരളിപ്പൂക്കള്‍ കായ്ക്കും. അവന്റെ കാലിന് ലോകത്തിന്റെ മുഴുവന്‍ ഭാരവുമുണ്ടാകും. പൊള്ളുന്ന ഏകാന്തതയില്‍ അവന്‍ ഞങ്ങളെ ഉപേക്ഷിച്ചു പോകാം. മോനേ..... എന്ന് ചേര്‍ത്തു വിളിച്ച്‌ അവന്റെ നെറ്റിയില്‍ ചുംബിച്ചു. ഞാന്‍ കരഞ്ഞു. ഒരു ദുരന്തത്തെ മുന്നില്‍ കാണുന്നതുപോലെ പ്രിയപ്പെട്ടവളേ നിന്റെ കണ്ണ് നനഞ്ഞോ? ഇനി നീ ഇവനെയും.....

Saturday, January 17, 2009

ചോരപ്പൂക്കള്‍

മദ്യപിച്ചു വണ്ടിയോടിച്ചതിന് പാനൂര്‍ എസ്.ഐ. പിടിച്ചു. സ്റ്റേഷന്റെ ഒരു ഭാഗത്ത് ഒരു കൊലപാതകിയെപ്പോലെ നില്‍ക്കുകയാണ് ഞാന്‍ . ഒരു ഗ്രില്‍സിനപ്പുറം ലോക്കപ്പാണ്‌. ലോക്കപ്പില്‍ നാലു പോലീസുകാര്‍ ഒരാളെ ക്രൂരമായി മര്‍ദിക്കുന്നു. അടിയേറ്റ് പുളയുന്ന അടിവസ്ത്രം മാത്രമിട്ട കറുത്ത ആള്‍രൂപം നിഴല്‍പ്പാടുപോലെ എനിക്കു കാണാം. രംഗമാസ്വദിക്കുന്ന എസ്.ഐ. ക്രൂരമായി ചിരിച്ച് എന്നോട്: മാഷാണല്ലേ? നിന്റെ പണി തെറിപ്പിക്കും.
ഞാനൊന്നും പറഞ്ഞില്ല. സഹായിക്കാന്‍ ആരുമില്ല.
ഇപ്പോള്‍ നാലു പോലീസുകാരും കിതച്ചുകൊണ്ട് വെളിയിലേക്ക്. അവര്‍ തളര്‍നെന്നു തോന്നുന്നു. അപരിചിതനായ കറുത്ത മനുഷ്യന്‍ എന്റെ അടുത്തേക്ക് നടന്നു വന്നു. അയാളുടെ ശരീരം മുഴുവന്‍ പാടുകളാണ്.
അയാള്‍: മാഷേ ഞാനാ. എന്താ ഇവിടെ?
എനിക്കയാളെ മനസിലായില്ല. വിക്കി വിക്കി ഞാന്‍ മെല്ലെ പറഞ്ഞു.
: മദ്യപിച്ചു വണ്ടിയോടിച്ചു.
അയാള്‍ ഗ്രില്‍സിനടുത്തു വന്ന് എന്റെ വിരലില്‍ തൊട്ട് പതിയെ പറഞ്ഞു.
: നിങ്ങളെ വിടും പേടിക്കേണ്ട. അവര് പേടിപ്പിക്കുന്നതാ.
നിങ്ങളുടെ കേസ് -ഞാന്‍ ചോദിച്ചു.
അയാള്‍ ഒച്ചയില്ലാതെ ചിരിച്ചു. അപ്പോഴേക്കും എസ്.ഐ. പറഞ്ഞു: ഫൈന്‍ അടച്ച് മാഷ് പോയ്ക്കോ.
ഞാന്‍ ലോക്കപ്പിലേക്ക്‌ നോക്കി. അയാളുടെ മുഖത്ത് നേര്‍ത്ത മന്ദഹാസം. ഇപ്പോഴും എനിക്കയാളെ അറിയില്ല. അപരിചിതനെങ്കിലും ലോക്കപ്പില്‍ നിന്നും ഒരുപിടി ചോരപ്പൂക്കള്‍ നീട്ടിയ അയാളാര്?

Saturday, January 10, 2009

പൂര്‍വവിദ്യാര്‍ഥി

ബോംബെയില്‍ കമ്പനിയില്‍ ജോലിയാണ്.
സാറ് പഠിപ്പിച്ചതാണ്. പേര് ജിജേഷ് .
കാറില്‍ നിന്നിറങ്ങിയ ജിജേഷ് കുറച്ച് ഇംഗ്ലീഷിലും മലയാളത്തിലും പറഞ്ഞു. എന്റെ ഹൃദയം പൂത്തു.
ഇന്നത്തെ ദിവസം സാറ് എന്നോടൊപ്പം ചെലവഴിക്കണം. എവിടെ വേണമെങ്കിലും പോകാം.
ഇളം പാട്ടിന്റെ താളത്തില്‍ കാറിലിരിക്കുമ്പോള്‍ ഒരു അധ്യാപകന്റെ സാര്‍ഥകതയും ചാരിതാര്‍ഥ്യവും ഉള്ളിലുണ്ടായിരുന്നു. കൈയെഴുത്തുമാസികയില്‍ കവിതയെഴുതിയതിനെപ്പറ്റിയും സ്കൂളില്‍ വല്‍സലന്‍ വാതുശ്ശേരി വന്നതിനെപ്പറ്റിയും അവനിപ്പോഴും ഓര്‍മയുണ്ട്. അഞ്ഞൂറിലധികം പണിക്കാര്‍ ബോംബെയില്‍ അവനു കീഴിലുണ്ട്.
.സി.യിലിരുന്ന് ആവശ്യത്തിലധികം ഭക്ഷണം കഴിച്ചു. മദ്യപിക്കുമോ എന്നു ചോദിച്ചപ്പോള്‍ ബിസിനസ് ടെന്‍ഷന്‍ മാറ്റാന്‍ ബിയര്‍ കഴിക്കുമെന്ന് പറഞ്ഞു. ഇടയ്ക്കിടയ്ക്ക് അവന്റെ വിലകൂടിയ മൊബൈലില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും കോളുകള്‍ വന്നു. മുഴപ്പിലങ്ങാട് ബീച്ചിലിരുന്ന് കടലിന്റെ അപാരതയും മദ്യത്തിന്റെ ലഹരിയും നുകര്‍ന്നു.
ജിജേഷ്: മാഷിനൊരു സിനിമയെടുത്താലെന്താ?
ഞാന്‍ :അതിന് പണമിറക്കാനാളു വേണ്ടേ?
അവന്റെ മുഖത്തിനു കനംവെച്ചു; ഞാന്‍ തയ്യാറാണ്.
എനിക്ക് അവനെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അടുത്ത വരവിനു സംസാരിക്കാമെന്നവന്‍ . എന്നെ കാറില്‍ വീട്ടിലാക്കി ഒരു ഹിന്ദി പാട്ടും പാടി അവന്‍ പോയി.
പിന്നീട് അവന്റെ നമ്പറില്‍ വിളിച്ചിട്ട് കിട്ടുന്നില്ല. ഒരു വിവരവുമില്ല. അവന്റെ വീട് ഞാന്‍ ഒരുവിധം കണ്ടുപിടിച്ചു. അമ്പരപ്പിക്കുന്നതായിരുന്നു വീട്. ചെറിയ ഒരു ഓലക്കൂര. ലളിത ജീവിതം തന്നെ- ഞാന്‍ കരുതി. മടിച്ചു മടിച്ച്‌ മുഷിഞ്ഞ വേഷത്തില്‍ വന്ന അവന്റെ അമ്മയോടു ചോദിച്ചു.
:ജിജേഷുണ്ടോ?
അമ്മ ക്ഷുഭിതയായി: അവന്റെ കാര്യം പറയേണ്ട. ഒരു ജോലിയും ചെയ്യില്ല. എവിട്യാന്നറിയില്ല. ഇവിടെ പട്ടിണിയാണ്. തെണ്ടി നടക്ക്വാ.
:നിങ്ങളാരാ?
ഞാനൊന്നും പറഞ്ഞില്ല. പുറത്തു മഴയുണ്ടായിരുന്നു. മഹാനായ ഒരു നാടകക്കാരനെ പഠിപ്പിച്ചതിന്റെ എല്ലാ ചാരിതാര്‍ഥ്യത്തോടും കൂടി പടിയിറങ്ങി.