Saturday, February 21, 2009

കോണ്ടം തിയറി

ഈയിടെ ഒരു നിരോധ് വാങ്ങേണ്ട ആവശ്യം വന്നു. കണാരേട്ടന്റെ പീടികയില്‍ ചെന്ന് അല്പമൊരു ലജ്ജയോടെ കാര്യമവതരിപ്പിച്ചു. പീടികയ്ക്ക് മുന്നില്‍ രണ്ട് ബെഞ്ചിലായി കുപ്പായമില്ലാത്ത കഥാപാത്രങ്ങളുണ്ടാകും. എന്റെ നിരോധ് വിഷയം ഊക്കനൊരു ചര്‍ച്ചയ്ക്ക് വഴിമരുന്നായി.
:"മാഷിനെന്താ ഒരു കുട്ടികൂടി വേണ്ടേ?"
:"ഇപ്പോഴത്തെ കുട്ടിക്ക് അഞ്ചു വയസ് കഴിഞ്ഞില്ലേ?"
:"പണ്ടൊക്കെ വീടുകളില്‍ കണ്ടമാനം പിള്ളേരില്ലായിരുന്നോ?"..... എന്നൊക്കെ.
ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടം എന്നുപറഞ്ഞ്‌ ചര്‍ച്ച ഒന്നു നനച്ചത്‌ സജീവനാണ്. സജീവന്‍ അവിവാഹിതനാണ്. പെയിന്റിങ്ങാണ് ജോലി. മദ്യപിക്കില്ല, പുകവലിക്കില്ല. മരണവീട്ടിലും കല്യാണവീട്ടിലും ആദ്യാവസാനക്കാരന്‍ . ചിലപ്പോള്‍ എന്റെ മനസ് തനിയെ പറയാറുണ്ട്: ഇങ്ങനെയുള്ള ചെറുപ്പക്കാരാണ് ഓരോ നാടിനേയും മുന്നോട്ടു നയിക്കുന്നത്.
പിന്നീട് പലപ്പോഴായി കണാരേട്ടന്റെ പീടികയില്‍ വലിയപേക്ക്‌ നിരോധ് ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ഞാനുള്ളപ്പോള്‍ ആരും വാങ്ങുന്നത് കാണുന്നില്ല. പ്ലസ്ടു ബബീഷുമാര്‍ക്ക് ഈ വക കാര്യങ്ങളില്‍ വലിയ interest ഇല്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. മുസ്‌ലിം ഏരിയ ആയതുകൊണ്ട് ആണുങ്ങള്‍ അധികം നാട്ടിലില്ല. എന്നിട്ടും എങ്ങനെയാണ് അരിച്ചാക്ക് കാലിയാകുന്നതുപോലെ നിരോധ് തീരുന്നത്? കണാരേട്ടന്‍ ഇന്നലെ ഒരു പേക്കറ്റ് കാമസൂത്രയും മൂഡ്സും കൊണ്ടുവെച്ചിട്ടുണ്ട്. ഇത് ചെറിയ കടയാണ്. സിഗരറ്റിന്റെയും പാന്‍പരാഗിന്റെയും കച്ചവടമേയുള്ളൂ. കൂടുതല്‍ സാധനങ്ങള്‍ മിക്കവരും തലശ്ശേരിയില്‍ നിന്ന് ഹോള്‍സെയിലായാണ് വാങ്ങുന്നത്. പലപ്രാവശ്യം പലവേഷത്തിലും ഭാവത്തിലും നിരോധ് വിഷയത്തിന്റെ കാരണമറിയാന്‍ ഞാന്‍ കടയില്‍ നില്‍ക്കും. ഇല്ല, ആരും വാങ്ങുന്നില്ല. കടയില്‍ മിക്കപ്പോഴും ചര്‍ച്ചകളായിരിക്കും. അക്രമത്തെക്കുറിച്ച്, ലാവലിനെക്കുറിച്ച്, ആണവകരാറിനെക്കുറിച്ച്..... ഒക്കെ ആരെയും ബുദ്ധിമുട്ടിക്കാത്ത കാരംസ് കളിപോലുള്ള ചര്‍ച്ചയാണ്. എന്റെ മനസിലെ സി.ബി.ഐ. വീണ്ടും നിരോധ് വിഷയത്തില്‍ ഇന്‍വെസ്റ്റിഗേഷന്‍ തുടര്‍ന്നു. ഒരു തുമ്പും കിട്ടിയില്ല. ഒടുവില്‍ കണാരേട്ടന്‍ തനിയെയുള്ളപ്പോള്‍ ഞാന്‍ ചോദിച്ചു.
:ആരാ കണാരേട്ടാ ഈ നിരോധൊക്കെ വാങ്ങുന്നത്?
:സജീവന്‍ . എന്നെ നോക്കി ആക്കിയൊരു ചിരിചിരിച്ച് കണാരേട്ടന്‍ ബീഡിക്ക് തീ കൊളുത്തി.

4 comments:

 1. വാങ്ങി എല്ലാര്‍ക്കും വിതരണം ചെയ്യുന്നുണ്ടാവും ..പാവം ചെക്കന്‍..

  ReplyDelete
 2. 'ഇങ്ങനെയുള്ള ചെറുപ്പക്കാരാണ് ഓരോ നാടിനേയും മുന്നോട്ടു നയിക്കുന്നത്.
  !!!!' ;-)
  നല്ല കഥ മാഷേ...

  ഓഫ് ടോപ്പിക്ക്...
  ഞാന്‍ മാഷിന്റെ പഴയ ഒരു വിദ്യാര്‍ത്തിയും നാട്ടു കാരന് മാണെന്ന് ഒരിക്കല്‍ പറഞ്ഞിരുന്നു... ഓര്‍മ്മയുണ്ടോ മാഷേ?

  ReplyDelete
 3. ഇതിപ്പോ ആരും അറിയാതിരിക്കമെങ്കില്‍ സജീവന് വേറെ എവിടെ നിന്നെങ്കിലും വാങ്ങമായിരുന്നല്ലോ? കൂടാതെ അവിടെ ഇരുന്നു പഞ്ചായത്ത് പറയുന്നവര്‍, ഇതു പണ്ടേ തന്നെ അറിഞ്ഞും കാണണമല്ലോ?

  ReplyDelete
 4. Mashe,I saw you now only,good works sir.
  suni from Qatar

  ReplyDelete