Wednesday, January 12, 2011

ദി ഡോഗ്

നാട്ടകം സാംസ്കാരിക വേദിയുടെ പിരിവിനു വേണ്ടിയായിര്യ്ന്നു ബംഗ്ലൂരില്‍ പോയത് . എഴുത്തുകാരന്‍ ടീ കെ അനില്‍ കുമാറും കൂടെ ഉണ്ടായിരുന്നു. മഹാനഗരത്തില്‍ എങ്ങനെ പിരിവു തുടങ്ങും എന്ന് അന്തം വിട്ട ഞങ്ങളെ കണ്ണംവള്ളിയിലെ കുമാരേട്ടന്‍ സഹായിച്ചു. അദ്ദേഹം സ്വന്തം വണ്ടിയില്‍ ഞങ്ങളെ പലയിടത്തും കൊണ്ടുപോയി. മൈസൂര്‍ റോഡിലെ ഒരു ചെറിയ കച്ചവടക്കാരന്റെ അടുത്ത് നാട്ടകം സാംസ്കാരിക വേദിയെപ്പറ്റി വിശദീകരിച്ചു. കുറച്ചു പച്ചക്കറികളും പാനിപൂരിയും മാത്രമേ കടയിലുണ്ടായിരുന്നുള്ളൂ. കോഴിക്കോട്ടുകാരനാണ്. ചെറിയ മുഖവുരയ്ക്ക്‌ ശേഷം കുമാരേട്ടന്‍ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു,'ഇവര് രണ്ടാളും സാഹിത്യകാരന്മാരാ... നാട്ടിന് വേണ്ടപ്പെട്ടവരാ..'
എടുത്ത്തപടിക്ക് കടക്കാരന്‍ പറഞ്ഞു,'കുമാരേട്ടാ ഇവര്‍ക്ക് പക്ഷെ ഒരു പ്രശ്നമുണ്ട്. ഒരു ഫലകവും അയ്യായിരം ഉറുപ്പികയും കൊടുത്താല്‍ നായായിപ്പോകും.' അയാള്‍ പിരിവു തന്നു. പക്ഷെ, ആ സാധാരണ മനുഷ്യന്റെ വലിയ തിരിച്ചറിവിന് മുന്നില്‍ ഒന്നും പറയാന്‍ കഴിയാതെ ഞങ്ങള്‍ തലകുനിച്ചു.

Friday, December 31, 2010

ഹാപ്പി ന്യൂ ഇയര്‍

ബാറില്‍ നിന്നും വേശ്യാലയത്തിലേക്ക് നടക്കാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളൂ. പല തവണ അറച്ചുനിന്നതാണ്. രണ്ടു പെഗ്ഗിന്റെ ഊര്‍ജ്ജത്തില്‍ അങ്ങോട്ട്‌ കയറി.
ഇളം നീലക്കുടവെളിച്ചത്തിനു കീഴില്‍ പത്തോളം സുന്ദരികളെ കണ്ടിട്ട് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മുപ്പതു രൂപ കൊടുക്കണം. മായികമായ വെളിച്ചം.
ഇളം കറുപ്പുള്ള മൂക്കുത്തിയിട്ട ഒരു സുന്ദരിയെ തിരഞ്ഞെടുത്തു. മുറി പൂട്ടി. രണ്ടു ഗര്‍ഭനിരോധന ഉറകള്‍ എടുക്കുന്നതിനിടയില്‍ അവള്‍ ചോദിച്ചു:"കല്യാണം കഴിഞ്ഞതാണോ?".
വേണമെങ്കില്‍ ഇല്ലെന്നു പറയാം."ഒരു മോളുണ്ട്‌", ഞാന്‍ സത്യം പറഞ്ഞു.
അവള്‍ ചിരിച്ചു.
അയാള്‍ അവളുടെ ശരീരത്തിലേക്ക് കമഴ്ന്നു. ഇരുപതു മിനുട്ടാണ്‌ അനുവദിച്ച സമയം. ഒന്നും തോന്നുന്നില്ല. കടലില്‍ കുളിക്കാനിറങ്ങിയ കുഞ്ഞിനെപ്പോലെ അയാള്‍ കൈകാലിട്ടടിച്ചു. പ്രശ്നം മനസ്സിലായി.
അയാള്‍ ഗര്‍ഭനിരോധന ഉറകള്‍ ഊരുന്നതിനിടയില്‍,"എല്ലാം മറന്നു രണ്ടു ശരീരങ്ങള്‍ ഒരുമിക്കുന്നതിനിടയില്‍ ഈ ഉറ ആവശ്യമില്ല. നമ്മള്‍ രണ്ടു നദികളാണ്"
അപ്പോള്‍ അവള്‍ ഒച്ചയില്ലാതെ ചിരിച്ചു.
അയാളുടെ കവിളില്‍ വിരലുകള്‍ അമര്തിക്കൊണ്ട്,"ഇറ്റീസ് ഫോര്‍ യുവര്‍ സേഫ്റ്റി. എനിക്ക് വേണ്ടിയല്ല. അയാം എ പ്രോസ്ടിട്യൂട്ട്ട്. മോളില്ലേ വീട്ടില്‍? ഭാര്യയുമില്ലേ?"
അയാള്‍ ഒന്നും പറഞ്ഞില്ല. ഉള്‍ക്കിടിലത്തോടെ ഡ്രസ്സ്‌ ധരിച്ച് ഒരു സിഗരെറ്റിനു തീ കൊളുത്തി.
അടുത്ത കസ്ടമറിനു വേണ്ടി വേഷമിടുന്നതിനിടയില്‍ അവള്‍ മന്ത്രിച്ചു.
"ഹാപ്പി ന്യൂ ഇയര്‍". അപ്പോള്‍ അവളുടെ മുക്കുത്തിയില്‍ നിന്നും പ്രകാശം ചൊരിയുന്നുണ്ടായിരുന്നു.

Thursday, December 16, 2010

മുത്തപ്പന്‍

നന്ദന് കോരന്‍ മേസ്തിരിയുടെ വീട്ടില്‍ക്കൂടലിനോട് അനുബന്ധിച്ചുള്ള മുത്തപ്പന്‍ വെള്ളാട്ടത്തിനു പോകാന്‍ തീരെ താല്പര്യം ഉണ്ടായിരുന്നില്ല. എങ്ങനെയൊക്കെയോ അയാള്‍ തികച്ചും ഒരേകാകിയായി മാറിയിരുന്നു.. ജീവിതത്തെ കുറിച്ച് ചിന്തിച്ചപ്പോഴൊക്കെ താനൊരു വിഡ്ഢിയാണെന്ന് ഓരോ ദിവസവും അയാള്‍ക്ക് ബോധ്യപ്പെട്ടു കൊണ്ടിരുന്നു. ആളുകളുടെ കയ്യിലൊക്കെ കണ്ടമാനം പണം ഉണ്ട്, കാറുണ്ട്. പല പണികളും ചെയ്തിട്ടും തന്റെ കയ്യില്‍ മാത്രം ഒന്നുമില്ല.
പഴയ നാടക സ്മരണകള്‍ പറയുമ്പോള്‍ കൂട്ടുകാര്‍ക്ക് തന്നെ ബോറടിയാണ്.. ഇപ്പോള്‍ നാടകങ്ങള്‍ ഇല്ല. അധിക സമയവും വീട്ടില്‍ തന്നെ. കൂട്ടിനു അമ്മയുടെ പ്രാകലുകള്‍. പെയിന്റിംഗ് പണിക്കു പോകും. ഇങ്ങനെയൊക്കെ ആണെങ്കിലും നാടന്‍ കള്ളിന്റെ മദം പൊട്ടിക്കുന്ന മണം നന്ദനെ വെള്ളാട്ടമുള്ള സ്ഥലത്തെത്തിച്ചു.
വലിയ പണക്കാര്‍ കസവ് മുണ്ട് ഉടുത്ത് മുത്തപ്പന് ചുറ്റും കൂടിയിരിക്കുന്നത് അയാള്‍ ദൂരെ നിന്ന് കണ്ടു. അപ്പോഴാണ് "അന്ധകാരത്തിന് ശേഷം വെളിച്ചം വരും" എന്നുറക്കെ പറഞ്ഞു കൊണ്ട് മുത്തപ്പന്‍ നന്ദനെ മാടിവിളിച്ചത്. മുത്തപ്പന്‍ രണ്ടുമൂന്നു ചെറു കിണ്ടികളിലായി നന്ദന് കള്ള് കൊടുത്തു. ഏറെ നേരം കെട്ടിപ്പിടിച്ചു അനുഗ്രഹിച്ചു:"വലിയ കലാകാരനായിത്തീരും".
തുമ്പയുടെയും മഞ്ഞളിന്റെയും മണം നെഞ്ചിലേറ്റി ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അയാള്‍ മുത്തപ്പന്റെ മാറില്‍ കിടന്നു വിതുമ്പി. പുതിയ ഉണര്‍വ് കിട്ടിയപോലെ അയാള്‍ നാലുപാടും നോക്കി. തികഞ്ഞ ആരാധനയോടെ സ്ത്രീകളും കുട്ടികളും കോരന്‍ മേസ്തിരിയും തന്നെത്തന്നെ നോക്കുന്നു. മുത്തപ്പന്റെ കാലില്‍ തൊട്ടു വന്ദിച്ച് അയാള്‍ എങ്ങോട്ടെന്നില്ലാതെ നടന്നു.
സന്ധ്യ കഴിഞ്ഞിരുന്നു...
നേരിയ മഴയുമുണ്ട്....
പഴയ വായനശാലയ്ക്ക് കീഴെ നിശബ്ദനായി അയാള്‍ കുറെ നേരം ഇരുന്നു.
അപ്പോള്‍ മങ്ങിയ വെളിച്ചത്തില്‍ തെയ്യക്കാര്‍ നടന്നു പോകുന്നത് കണ്ടു. അവര്‍ക്കൊപ്പം മുഖത്തെഴുത്തില്ലാതെ നടന്നുപോകുന്ന പഴയ നാടകസുഹൃത്ത് "പ്രേമന്‍ മുത്തപ്പനെ" ഒരു നടുക്കത്തോടെ അയാള്‍ കണ്ടു.

Sunday, December 5, 2010

കന്മദം

ഇത്ര പരുക്കരായ മനുഷ്യര്‍ ഉണ്ടാവുമോ? കോറ രഘുവെ അങ്ങനെ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു. വയസ്സ് നാല്പത്തഞ്ച് കാണും. കരിങ്കല്‍ ക്വാറിയില്‍ ആണ് പണി. കൂറ്റന്‍ കരിങ്കല്ലുകളോട് മല്ലടിച്ച്ചു അയാളുടെ മനസ്സും കരിമ്പാറ പോലെ ആയിരിക്കുമോ? വഴിയില്‍ കണ്ടാല്‍ ഒന്ന് ചിരിക്കുക പോലുമില്ല. എന്നോടെന്നല്ല, ആരോടും. മീശ പിരിച്ചുവെക്കും. നെറ്റിയുടെ ഒരു ഭാഗത്ത്‌ മുറിവിന്റെ അടയാളം ഉണ്ട്. കഴിഞ്ഞ ദിവസം ബാലേട്ടന്റെ തട്ടുകടയില്‍ നിന്നും ഒരു ചായക്ക്‌ പറഞ്ഞു. ബാലേട്ടന്‍ വേഗം കൊടുക്കുകയും ചെയ്തു. ഞങ്ങള്‍ പണിയൊന്നുമില്ലാത്ത മൂന്നാല് പിള്ളേര്‍ ഇരിക്കുന്നുണ്ടായിരുന്നു. ചായ ഒന്ന് ചുണ്ടില്‍ വച്ച് പുറത്തേക്ക് എറിഞ്ഞു "ഇത് നിന്റെ ചന്തി കഴുകിക്കോ" എന്ന് പറഞ്ഞു കോറ രഘു ഇറങ്ങി പോയി. പേടിച്ചിട്ടു ആരും ഒന്നും പറഞ്ഞില്ല. ഞാന്‍ അയാളെപ്പറ്റി തന്നെ ഓര്‍ത്തു പോയി. ഭാര്യയോടും കുഞ്ഞുങ്ങളോടും അയാള്‍ ഇങ്ങനെ തന്നെയാവുമോ പെരുമാറുക?
പൊയിലൂര് മടപ്പുരയിലെ തിറക്ക്‌ ആരോടോ പകയുള്ളത് പോലെ അയാള്‍ തെങ്ങും ചാരി നില്‍ക്കുന്നത് കണ്ടു. കുറച്ചു നേരം നിന്ന് ഒരു ക്വോട്ടര്‍ വെള്ളം പോലും ചേര്‍ക്കാതെ അണ്ണാക്കിലൊഴിച്ച് അയാളങ്ങു പോയി. തെയ്യം കാണാനോ അടിയറയില്‍ ചേരാനോ അയാള്‍ ഉണ്ടായിരുന്നില്ല.
ഇന്നലെ വൈകുന്നേരം ക്വാറക്ക് അടുത്തുള്ള ഇടവഴിയിലൂടെ മത്തി ശശിയെ അന്വേഷിച്ചു പോകുകയായിരുന്നു ഞാന്‍. ക്വാറിയില്‍ ഉള്ളവര്‍ക്ക് മേലേ ഇടവഴി കാണാന്‍ കഴിയില്ല.
"ഈ പെണ്ണിന്റെ ഒരു കളി. ഞാന്‍ ചന്തിക്ക് ഒരടിയങ്ങു വെച്ച് തരും." പരിചിതമായ ശബ്ദം.
ഞാന്‍ താഴേക്ക്‌ നോക്കി.
ഒരൂക്കന്‍ പാറയ്ക്കിടയില്‍ നിന്ന് ഒരു പതിനാറുകാരിയോട് കോറ രഘു പറയുകയാണ്‌. അപ്പോള്‍ അവള്‍ അയാളുടെ മാറോടു ചേര്‍ന്ന് കൊമ്പന്‍ മീശ താഴ്ത്തിക്കൊണ്ടിരുന്നു, മൃദുവായി.. പുക പിടിച്ച പല്ലുകള്‍ കാട്ടി ഒരു കുട്ടിയെ പോലെ കോറ രഘു ചിരിക്കുന്നു. കരിമ്പാറ കെട്ടുകള്‍ക്കിടയില്‍ നിന്നും ഒരു സിനിമയിലെന്ന പോലെ കന്മദം ഒഴുകുന്നത്‌നോക്കി ഏറെ നേരം ഞാന്‍ നിന്നു..

Sunday, November 21, 2010

രാഷ്ട്രീയം

ബാര്‍ബര്‍ ബാലേട്ടന്റെ നിറം ചുവപ്പാണ്.
ബാലേട്ടന്‍ പലപ്പോഴായി അത് പറയാറുണ്ട്. കഴിഞ്ഞ ഭരണത്തില്‍ ഒരു ദിവസം എന്റെ മുടി മുറിക്കുന്നതിനിടയില്‍ കറന്റ് പോയി. ബാലേട്ടന്‍ ക്രുദ്ധനായി:"ഇവറ്റകള്‍ക്ക് ഭരിക്കാന്‍ അറിയാവ്വോ? വെള്ളമുണ്ടോ...? വെളിച്ചമുണ്ടോ..? ഇതുപോലെ നാറിയ ഭരണം കേരളം കണ്ടിട്ടില്ല..."
കടയ്ക്കു പുറത്തുള്ള കോണ്‍ഗ്രസുകാരെ ചൂണ്ടിതന്നെയാണ് ബാലേട്ടെന്‍ ചീത്ത പറഞ്ഞത്.
ഭരണം മാറി.
ഇടതു പക്ഷത്തിന്റെ തിരിച്ചു വരവ്.
ഈയടുത്ത് എന്റെ താടി ബുള്‍ഗാന്‍ ആക്കുന്നതിനിടയില്‍ കറന്റ് പോയി. തപ്പിപിടിച്ച് ഒരു മെഴുകുതിരി കത്തിക്കുന്നതിനിടയില്‍ ശാന്തനായി ബാലേട്ടന്‍:"വയറെവിടെയോ ടച്ച്‌ ആയിട്ടുണ്ട്"

Monday, October 18, 2010

കവിരേവ പ്രജാപതി

എട്ടാം ക്ലാസ്സിലെ മലയാളം സെക്കന്റ് പിരീഡ്. പുതിയ

ടെക്സ്റ്റ്‌ ആണ്.. ഒന്നാം പാഠം പി. കുഞ്ഞിരാമന്‍ നായരുടെ കേരള പ്രകൃതിയെ സ്തുതിക്കുന്ന 'പച്ചപ്പുകള്‍ തേടി'. പിന്നീട് കൃഷ്ണ ഗാഥയിലെ 'മഴ വന്നപ്പോള്‍'. പെട്ടന്നു തന്നെ കുഞ്ഞിരാമന്‍ മാസ്റ്റര്‍ക്ക് മര്‍മ്മം പിടി കിട്ടി. എട്ടാം തരത്തിലെ പുതിയ കുട്ടികളുടെ ഉടുപ്പിന്റെ മണം പീരീഡായ ഇപ്പോഴും ക്ലാസിലുണ്ട്.

ഒരു മഴക്കവിത എഴുതാന്‍ അങ്ങേയറ്റത്തെ ഗൗരവത്തോടെ തന്നെ കുഞ്ഞിരാമന്‍ മാസ്റ്റര്‍ പറഞ്ഞു. സുഗതകുമാരിയുടെ 'രാത്രി മഴ' മാഷ് ചൊല്ലുകയും മഴയെക്കുറിച്ച് ഹസ്രമായി വിവരിക്കുകയും ചെയ്തു. സംഗതി ഏറ്റു. കുട്ടികള്‍ ശറപറാന്ന് എഴുതാന്‍ തുടങ്ങി. പുറത്ത് അപ്പോള്‍ മഴ ചാറി. കുന്നിലേക്ക് ചാഞ്ഞിറങ്ങിന്ന മഴയെ നോക്കി കുഞ്ഞിരാമന്‍ മാഷ് പറഞ്ഞു: 'ഇതിലപ്പുറം പ്രചോദനം നിങ്ങള്‍ക്ക് കിട്ടാനില്ല.'
ഇന്നത്തെ പത്രത്തില്‍ ഏതോ സ്കൂളിലെ കുട്ടികളെഴുതിയ കുറിപ്പുകള്‍ ടെസ്റ്റ് ബുക്കാക്കിയതിന്റെ വാര്‍ത്തയുണ്ട്. നല്ല കവിതയാണെങ്കില്‍ എസ്.എസ്.എ യുമായി ബന്ധപ്പെടാം. പണ്ടൊക്കെ ക്ലാസില്‍ കവിതയെഴുതുകയോ ചിത്രം വരയ്ക്കുകയോ ചെയ്താല്‍ അടിയുടെ പൂറമായിരുന്നു. പുതിയ മെത്തേഡ് കലാകാരന്മാര്‍ക്ക് ക്ലാസ് മുറി സ്വര്‍ഗ്ഗഭൂമിതന്നെയാകുന്നു.
ചളപള ചളപള പെയ്യുന്നു
പെയ്യുന്നു മഴ പെയ്യുന്നു
ശറപറ ശറപറ പെയ്യുന്നു
പെയ്യുന്നു മഴ പെയ്യുന്നു

കഖഗഘ പെയ്യുന്നു
പെയ്യുന്നു മഴ പെയ്യുന്നു
കുഞ്ഞിരാമന്‍ മാഷ് വായിച്ചു നോക്കി. കുട്ടികള്‍ക്ക് നല്ല കവിത്വമുണ്ട്. ആശയപ്രപഞ്ചത്തിലെത്താന്‍ കൊതിക്കുന്നുണ്ട്. കാത്തിരിക്കാം പുഴയില്‍ ചൂണ്ടയിട്ടിരിക്കുന്ന ഒരു കുട്ടിയെപ്പോലെ, ഏകാഗ്രതയോടെ മാഷ് ടേബിളിലിരുന്നു. അപ്പോഴാണ് പിന്‍ ബെഞ്ചിലെ ഇടത്തേ വരിയിലിരുന്ന ഒരു കുട്ടി നമ്രശിരസ്കനായി കവിത കാണിച്ചത്. കവിത വായിച്ച മാഷ് ,സ്തബ്ധനായിപ്പോയി. എന്ത് ഭാവന? ഓരോ വരിയിലും നിറയെ കല്‍പനകള്‍. എത്ര പെട്ടന്ന് !

കുട്ടി മുമ്പ് കവിതയെഴുതാറുണ്ടോ? വിറച്ചു കൊണ്ടാണ് കുഞ്ഞിരാമന്‍ മാഷ് ചോദിച്ചത്.

ഏകാന്തതയില്‍ വല്ലതും കുത്തിക്കുറിക്കും - അലസമായി പെയ്യുന്ന മഴയെ നോക്കി അവന്‍ പറഞ്ഞു.

മാഷ് ഒരു തവണ കൂടി കവിത വായിച്ചു. പിന്നീട് അവനെ കെട്ടിപ്പിടിച്ച് മൂര്‍ദ്ധാവില്‍ ചുംബിച്ചു. കുഞ്ഞിരാമന്‍ മാഷ് കുട്ടിയേയും കൂട്ടി ഹെഡ് മാസ്റ്ററുടെ അടുത്തേക്ക് പാഞ്ഞു. കുഞ്ഞിരാമന്‍ മാഷിന് സാഹിത്യ വേദിയുടെ ചാര്‍ജുമുണ്ട്. സയന്‍സ്കാരനായ ഹെഡ് മാസറ്റര്‍ക്ക് വലിയ ബഹുമാനമാണ്.

ചുരുങ്ങിയ വാക്കുകളില്‍ വികാരാവെശത്തോടെ ഹെഡ് മാസ്റ്ററോട് കാര്യം പറഞ്ഞു.

ഈ കുട്ടി ഒരു വലിയ കവിയാണ്. കവിതയില്‍ പുതിയ പരീക്ഷണങ്ങള്‍ ചെയ്യുമ്പോഴും ഇവന്‍ പാരമ്പര്യത്തെ മുറുകെ പിടിച്ചിരിക്കുന്നു. ഹെഡ് മാസ്റ്ററും കവിത വായിച്ചു. പിന്നീട് ഒന്നു രണ്ട് ഫോണ്‍ കോളുകളായിരുന്നു. പഞ്ചായത്ത് പ്രസിഡന്റിനെ, പി.ടി.എ പ്രസിഡന്റിനെ...... ഇതാ, കുഞ്ഞിരാമന്‍ മാഷുടെ അമ്പത്തിനാലാം വയസ്സില്‍ അധ്യാപകജീവിതം സാര്‍ത്ഥകമാവുകയാണ്.

അസംബ്ലിയില്‍ പി.ടി.എ പ്രസിഡന്റിന്റെ പഞ്ചായത്ത് പ്രസിഡന്റിന്റെ ആശംസാ പ്രസംഗം. പിന്നീട് കുഞ്ഞിരാമന്‍ മാഷ് ഇങ്ങനെ പറഞ്ഞു: മഹത്തായ കവികളുടെ സര്‍ഗ്ഗാത്മകമായ പാരമ്പര്യം മലയാള കവിതയ്ക്കുണ്ട്. ചെറുശ്ശേരി, എഴുത്തച്ചന്‍, പൂന്താനം......, കുമാരനാശാന്‍...... ഞാന്‍ ഉറപ്പു തരുന്നു, അവരുടെ പിന്മുറക്കാരനാണീ കുട്ടി. അവനെഴുതിയ കവിത അവന്റെ സ്വന്തം ശബ്ദത്തില്‍ ഇപ്പോള്‍ കേള്‍ക്കാം. ഹെഡ് മാസ്റ്ററുടേയും കുഞ്ഞിരാമന്‍ മാഷുടേയും കാലില്‍ തൊട്ട് വന്ദിച്ച് കുട്ടി കവിത ചൊല്ലാന്‍ തുടങ്ങി. ചൊല്ലിത്തുടങ്ങിയപാടെ അസംബ്ലിയില്‍ കൂവലോട് കൂവല്‍. അസൂയയാണ്. എന്തും പെട്ടന്ന് ആരും സ്വീകരിക്കില്ല. ഒരു ചൂരലുമായി കുഞ്ഞിരാമന്‍ മാഷും രണ്ടു ടീച്ചര്‍മാരും പിള്ളാരെ ഒതുക്കുവാനായി ഓടിച്ചെന്നു . ഇപ്പോള്‍ അസംബ്ലി ശാന്തമാണ്. മധുസൂധനന്‍ നായര്‍ കവിത ചൊല്ലുന്നതു പോലെ കരമുര ശബ്ദത്തില്‍ കുട്ടി പാടുകയാണ്.

അമ്മ മഴക്കാറിനു കണ്‍നിറഞ്ഞു

ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു........

Saturday, May 30, 2009

ലേഖനം

കേരളത്തിന്‍റെ ഭാവി
(കുറുക്കന്‍ കുമാരന്‍ ബാര്‍ബര്‍ഷോപ്പില്‍ നിന്നും മൊഴിഞ്ഞത്)
ഇസ്‌ലാം തീവ്രവാദം വര്‍ദ്ധിക്കും. ഓരോ പാര്‍ട്ടിയിലുമുള്ള ഹിന്ദുക്കള്‍ ഹിന്ദുത്വത്തിലേക്കു മാറും. കേരളം നിരന്തരമായി വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടക്കുന്ന ഒരു യുദ്ധഭൂമിയാകും.

Friday, May 8, 2009

ശത്രുസംഹാരം




















അങ്ങനെയാണ് ഒരു ശത്രുസംഹാരപൂജ നടത്താന്‍ തീരുമാനിച്ചത് (ഇങ്ങനെയൊക്കെയാണല്ലോ കഥ തുടങ്ങുക). ചുറ്റുപാടും ശത്രുക്കള്‍, പിന്നില്‍ നിന്നുള്ള കുത്തുകള്‍. സഹികെട്ടാണ് ഈ ബ്ലോഗ് തുടങ്ങിയത്. ഇതിലും ശത്രുക്കളുടെ വൈറസുകളുണ്ട്. ഇനിയും സഹിച്ചുനിന്നുകൂടാ. ഒരു ശത്രുസംഹാരപൂജ തന്നെ. ഞാന്‍ ആത്മസുഹൃത്തും എഴുത്തുകാരനുമായ എളിമപുരത്തെയും കൂട്ടി കുഞ്ഞിരാമപ്പണിക്കരെ കണ്ടു. വേണ്ട സാധനങ്ങളൊക്കെ വാങ്ങി.
പൂജ തുടങ്ങുമ്പോള്‍ ഞാന്‍ പണിക്കരോടു ചെവിയില്‍ പറഞ്ഞു: പൂജ ഫലിക്കുമോ. ശത്രുവിന് എന്തുസംഭവിക്കും? വെത്തിലയില്‍ ചുണ്ണാമ്പ് തേക്കുന്നതിനിടയില്‍ അങ്ങേയറ്റത്തെ ലാഘവത്തില്‍ പണിക്കര്‍: തല പിളരും. ചാമ്പലാകും.
വീണ്ടും ഞാന്‍ : ശത്രുവിന്റെ തല പിളരലിന് ഒരുപാടു സമയമെടുക്കുമോ?
എന്നെ ഒന്ന് അമര്‍ത്തിനോക്കി പണിക്കര്‍: പൂജ കഴിയുമ്പോഴേക്കും ഫലിക്കും.
പൂജ കഴിഞ്ഞു .
എന്റെ പണം നഷ്ടപ്പെട്ടതുപോലെ.
പണം കൊടുക്കുമ്പോള്‍ പണിക്കരോടു മന്ത്രിച്ചു: പൂജ ഫലിച്ചില്ല. എളിമപുരം അതാ ഒന്നും സംഭവിക്കാതെ.....
പണിക്കര്‍ ഒന്നും പറയാതെ ഭാണ്ഡവുമെടുത്തു പോയി. അപ്പോള്‍ എന്റെ തലയ്ക്കു ചെറിയൊരു കടച്ചില്‍. അത് കൂടിക്കൂടി വന്നു. ഈര്‍ച്ചവാള്‍ കൊണ്ട് തല ഈര്‍ന്നുപിളര്‍ക്കുന്നതു പോലെ.....
"ഈശ്വരാ.....വെള്ളം.....വെള്ളം....."
എളിമപുരം വെള്ളത്തിനായോടി.

Saturday, April 25, 2009

ക്ഷുഭിതയൗവനം












അച്ഛന്റെ ഒരു കാല്‍വിരല്‍ ഷുഗറായിട്ട് മുറിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും പഴുപ്പുകയറി. ഞാനും അച്ഛനും കോഴിക്കോട് പി.വി.എസ്.ആശുപത്രിയില്‍. ഒരു പക്ഷെ കാലുതന്നെ മുറിക്കേണ്ടി വരാം. കുട്ടിക്കാലം മുതല്‍ക്കുതന്നെ അച്ഛന്റെ കരിങ്കല്ലുപോലുള്ള സ്വഭാവവും എന്റെ ഭ്രാന്തുകളും എട്ടുമുട്ടിക്കൊണ്ടേയിരുന്നു. എത്രപ്രാവശ്യം ഞാന്‍ വീടുവിട്ടിട്ടുണ്ട്, അച്ഛനും. കൊഴുത്ത കഫക്കെട്ടിന്റെ ആകൃതിയിലാണ് എന്റെ വീട്.
ആശുപത്രിയില്‍ അച്ഛനുകൂട്ടായി ഞാന്‍ മാത്രം. ഞങ്ങള്‍ ആറുമക്കളാണ്. മറ്റാരും വന്നില്ല. ഏകാകിയായി സ്വന്തം ലോകത്ത് അച്ഛന്‍ . എന്റെ നാടകസുഹൃത്തുക്കള്‍ പലരും വരും. എ.ശാന്തകുമാര്‍, നവീന്‍രാജ് മലാപ്പറമ്പ്, എബി, സോമന്‍ കടലൂര്‍, രാജ്കുമാര്‍. അവര്‍ അന്തരീക്ഷം തണുപ്പിക്കാന്‍ ശ്രമിക്കും. എങ്കിലും അച്ഛനാരോടും അടുത്തില്ല. ജീവിതം കൈവിട്ടുപോകുന്നു എന്ന ചിന്തയായിരുന്നു അച്ഛന്റെയുള്ളില്‍. ഒടുവില്‍ ഡോക്ടര്‍ ഒരു വിരല്‍ കട്ട് ചെയ്യണമെന്നു പറഞ്ഞു. പഴുപ്പുണ്ടെങ്കില്‍ കൂടുതല്‍ ഭാഗവും..... പച്ചക്കുപ്പായമിട്ട് ഓപ്പറേഷന്‍ തിയേറ്ററിലേക്കു പോകുമ്പോള്‍ അച്ഛന്‍ പറഞ്ഞു:
ഞാനിനി എങ്ങന്യാ വര്വാന്നറിഞ്ഞൂടാ. അച്ഛന്റെ കണ്ണുകള്‍ നനഞ്ഞിരുന്നു.
പലരെയും സഹായിച്ചിട്ടുണ്ട്. ആരും ആശുപത്രീപ്പോലും വന്നില്ല -അച്ഛന്‍ എന്നെ ചേര്‍ത്തുപിടിച്ച് കരഞ്ഞു. നിനക്കു ഞാന്‍ എന്തുവേണേലും തരാം.
ഞാനൊന്നും പറഞ്ഞില്ല.
തിയേറ്ററിലേക്കു കടക്കുമ്പോള്‍ അച്ഛന്‍ തിരിഞ്ഞുനോക്കി. ഒന്നും വരില്ലെന്ന ഭാവത്തില്‍ ഞാന്‍ ചിരിച്ചു. അച്ഛന്‍ പോയപ്പോള്‍ ഞാന്‍ കരഞ്ഞു. വെറുതെ മനസ് പിറുപിറുത്തു: പ്രിയപ്പെട്ട അച്ഛാ നിങ്ങള്‍ക്കെന്റെ നഷ്ടപ്പെട്ട കുട്ടിക്കാലം തിരിച്ചുതരാന്‍ കഴിയുമോ? അങ്ങനെ ചിന്തിക്കാന്‍ പാടില്ല. മനസ് വിയര്‍ത്തു. ഒന്നുരണ്ട് മണിക്കൂര്‍ ഇരുന്നു. ടെന്‍ഷന്‍ കൊണ്ട് നവീനെ വിളിച്ചു. അവന്‍ ഓടിയെത്തി. ഡോക്ടര്‍ ലിയ ഒരു നാടകസ്നേഹിയാണ് -അവന്‍ പറഞ്ഞു. മറ്റാര്‍ക്കും കടക്കാന്‍ കഴിയാത്ത ഓപ്പറേഷന്‍ തിയേറ്ററില്‍ അച്ഛനഭിമുഖമായി ഞാന്‍ ഡോക്ടറുമായി സംസാരിച്ചു
:പഴുപ്പുള്ളിടത്ത് മാത്രം. അച്ഛനൊന്നും പറ്റരുത്‌.
വീണ്ടും കാത്തിരിപ്പ്. തിയേറ്ററിന്റെ വാതില്‍ തുറന്നു. സ്ട്രച്ചറില്‍ അച്ഛന്‍ . ഞാന്‍ അച്ഛന്റെ മുഖത്തേക്കാണാദ്യം നോക്കിയത്.
കുറച്ചുമാത്രമേ എടുത്തുള്ളൂ -നേര്‍ത്ത മന്ദഹാസത്തോടെ അച്ഛന്‍ . റൂമിലേക്ക്‌ സ്ട്രച്ചറുന്തി പായുമ്പോള്‍ അച്ഛന്റെ മുഖത്ത് എന്റെ നഷ്ടപ്പെട്ട കുട്ടിക്കാലം ഞാന്‍ കണ്ടു.

Saturday, April 18, 2009

കടല്‍സഞ്ചാരം

കണ്ടമാത്രയില്‍തന്നെ ഹൃദയം നൊന്തു. പ്രണയം. കുഞ്ഞുനാള്‍ മുതല്‍ ഞാന്‍ വരച്ചുകൊണ്ടിരുന്നത് ഇവളുടെ ചിത്രമായിരുന്നു. കാലങ്ങളായി ഈ രൂപം തേടി അലയുകയായിരുന്നു ഞാന്‍ . ഒരു മുയല്‍കുഞ്ഞുപോലുള്ള പെണ്‍കുട്ടി. പക്ഷെ വന്യമായ ഏതോ കരുത്ത് അവളുടെ സിരകളിലുണ്ട്. ആദ്യം കണ്ടപ്പോള്‍ ഒന്നും പറയാന്‍ കഴിഞ്ഞില്ല. ഒരുപാട് ഗസലുകളുടെ മടിയിലിരുന്ന് ഒരു 400 പേജ് നോട്ടുനിറയെ അവളെ വരച്ചു. ഒരു നാടക റിഹേഴ്സല്‍ മുറിയില്‍ പാതിരാത്രി പുസ്തകം കൈമാറി. പ്രണയത്തിന്റെ നോവും കിനാവും കൊണ്ട് ഉന്മാദം പൂണ്ട് മദ്യശാലകളിലൂടെ നടന്നു. ഒടുവില്‍ ഉടയാടകളില്ലാതെ പരസ്പരം പുതപ്പുകളായി കിടന്നു വിതുമ്പി. ആ ദിവസം രാവിലെ അവളുടെ എഴുത്തുമുറിയിലിരുന്ന് ഞാനെഴുതി: "പ്രിയപ്പെട്ടവളേ നിന്റെ തീരത്തേക്ക് ഇനിയും മുക്കുവന്മാര്‍ വരാം. പക്ഷെ അങ്ങേയറ്റം പുരാതനമായ ഒരു നൗകയില്‍ പ്രാക്തനനായ ഒരു മുക്കുവന്‍ നിന്റെ തീരത്തെത്തിയ വിവരം അവരോടു പറയണം."
അവളെങ്ങോ പോയ്മറഞ്ഞു. സിരകളില്‍ ലഹരിപെരുകുന്ന സന്ധ്യകളില്‍ ഇപ്പോഴും അവളുടെ തീരത്തെത്താന്‍ വെമ്പാറുണ്ട്. പ്രിയപ്പെട്ടവളേ നിന്റെ മനസില്‍ എപ്പോഴെങ്കിലും ഈ പ്രാക്തനനായ മുക്കുവനെക്കുറിച്ചുള്ള ഓര്‍മകളുണരാറുണ്ടോ? തുളവീണ തോണിയില്‍ കുതിച്ചുയരുന്ന തിരകള്‍ മുറിച്ചെത്തുന്ന ഈ പരാജിതനായ മുക്കുവന്‍ നിന്റെ കിനാക്കടലില്‍ എവിടെങ്കിലുമുണ്ടോ സഖീ?

Saturday, April 11, 2009

Life is Beautiful

രാഘവേട്ടന്‍ . വയസ് 65. ഉച്ചയ്ക്ക് പുള്ളിക്കാരന്‍ അതിവേഗത്തില്‍ വീട്ടിലേക്ക് പോകുമ്പോള്‍ ഉപ്പുപെട്ടിക്ക് മുകളിലിരുന്ന ഞങ്ങള്‍ ചോദിച്ചു: രാഘവേട്ടാ ധൃതിയിലെങ്ങോട്ടാ?
ഓടുന്നതിനിടെ രാഘവേട്ടന്‍ : ഭാര്യയ്ക്ക് ഉച്ചക്കേത്ത കിസ്ക്(കിസ്) കൊടുക്കാന്‍ പോവുവാ.
എന്തൊരു മനോഹരമായ ദാമ്പത്യം!

Friday, April 3, 2009

ആണെഴുത്ത്

വിജയന്‍മാഷ് കണ്ട ഉടനെതന്നെ അയാളുടെ കല്യാണം ഉറപ്പിച്ചകാര്യം പറഞ്ഞു. കുട്ടിയെ കണ്ടു, ജോലിയുണ്ട്‌, ഇഷ്ടപ്പെട്ടു. എങ്കിലും കുട്ടി എന്റെ നാട്ടിലാണ് ഒന്നന്വേഷിക്കാം എന്ന രീതിയില്‍ വന്നതാണ്‌. അവളുടെ വിലാസം പറഞ്ഞപ്പോള്‍ പെട്ടെന്നുതന്നെ എനിക്കവളെ മനസിലായി. ഒന്നുരണ്ട് വര്‍ഷംമുമ്പ് അവള്‍ ഒരു പയ്യന്റെ കൂടെ ഊട്ടിയില്‍ ഒരാഴ്ച താമസിച്ചതാണ്. സംഗതി നാട്ടില്‍ പാട്ടാണ്. ആ കാര്യം പറയണോ പറയാതിരിക്കണോ എന്ന് ശങ്കിച്ചിരിക്കുമ്പോള്‍ ഒരാത്മഗതം പോലെ വിജയന്‍ മാഷ്: വെറുതെ അന്വേഷിക്കുന്നെന്നേയുള്ളൂ. അടുത്താഴ്ച നിശ്ചയമാണ്. ജാതകത്തില്‍ ഏഴ് പൊരുത്തം.
ഒരു പെണ്‍കുട്ടിയുടെ ഭാവിയല്ലേ എന്നോര്‍ത്ത് ഞാനവളെപ്പറ്റി നല്ലതുമാത്രം പറഞ്ഞു. അല്ലെങ്കിലും എത്രയെത്ര പ്രണയപ്പാതകള്‍ കടന്നാണ് ഓരോരുത്തരും കതിര്‍മണ്ഡപത്തിലെത്തുന്നത്? മാത്രമല്ല, ഈ വിജയന്‍ മാഷെക്കുറിച്ചെനിക്കെന്തറിയാം? വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുശേഷം ഞാനയാളെ ടൗണില്‍ കണ്ടു. വല്ലാത്തൊരു സംതൃപ്തി അയാളുടെ മുഖത്ത് നിറഞ്ഞുനിന്നിരുന്നു. ടൗണില്‍ ഓരത്ത് കൂട്ടിക്കൊണ്ടുപോയി ഒരു സര്‍ബത്ത് വാങ്ങിത്തന്ന് അയാള്‍ പറഞ്ഞു: പതിവ്രതയാണ് മോനേ പതിവ്രത. ഒരാഴ്ചയായി ചവിട്ടും കുത്തുമാ. (ചെവിയില്‍ പറഞ്ഞു) അവള്‍ക്കിതാദ്യത്തെ അനുഭവമാ. ഭയങ്കര ടൈറ്റ്..... എന്തൊരു നൈര്‍മല്യം.
ഞാന്‍ ജൂറി ചെയര്‍മാനായിരുന്നെങ്കില്‍ അഭിനയത്തിനുള്ള ഓസ്കര്‍ ആ പെണ്‍കുട്ടിക്ക് കൊടുക്കുമായിരുന്നു.

Sunday, March 29, 2009

ഗ്രീഷ്മംപോലെ










ഞാന്‍
'ട്വിസ്റ്റ് ' എന്ന ടെലിഫിലിമെഴുതാന്‍ കൂത്തുപറമ്പിലെ ലോഡ്ജില്‍. കൂട്ടിന് താജുദ്ദീന്‍ . ലോഡ്ജ് എന്നുപറഞ്ഞാല്‍ പഴയ ഒരു വീടാണ്. പ്രശാന്താണ് നോക്കിനടത്തുന്നത്. എനിക്കവിടെ എല്ലാ സ്വാതന്ത്ര്യവുമുണ്ട്‌. ഈ ലോഡ്ജിലിരുന്ന് ഞാനൊരുപാട് ടെലി സ്കിറ്റുകളെഴുതിയിട്ടുണ്ട്. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ പ്രശാന്ത് പറഞ്ഞു
:അപ്പുറത്തെ മുറിയില്‍ ഷാജി എന്നൊരാള്‍ വന്നിട്ടുണ്ട്. അയാളുടെ പണം മുഴുവന്‍ പോക്കറ്റടിച്ചുപോയി. ബാംഗ്ലൂരിലാണ്. ഭക്ഷണമൊക്കെ ഞാനാണ്‌ വാങ്ങിച്ചുകൊടുക്കുന്നത്.
ഒരു ദിവസം ഞാന്‍ ഷാജിയോട് വരാന്തയില്‍ സംസാരിച്ചു. കോള്‍സെന്ററില്‍ ജോലി ചെയ്യുന്നു. ഇംഗ്ലിഷിലും മലയാളത്തിലുമായി അയാള്‍ ഓരോ കാര്യങ്ങള്‍ പറഞ്ഞു. പണം കളവുപോയി. ബാങ്ക് വഴി അയക്കാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട് എന്നൊക്കെ. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ നല്ല ത്രില്ലിലായിരുന്നു. ടെലിഫിലിം തീര്‍ന്നു. അപ്പോള്‍ മുറിയില്‍ വരാമോ എന്ന് ഷാജിയുടെ ചോദ്യം. ഞാനയാളെ സ്വാഗതം ചെയ്തു. കടലാസില്‍ ഞാനൊരു ചിത്രം വരച്ചിട്ടുണ്ടായിരുന്നു. ഷാജി ചിത്രത്തെപ്പറ്റി പറഞ്ഞു. അത് മനസിനെ അസ്വസ്ഥമാക്കു‌ന്നെന്ന്. സാഹിത്യം, രാഷ്ട്രീയം, സംസ്കാരം എന്നിവയെക്കുറിച്ചൊക്കെ ഷാജി സംസാരിച്ചു. പക്ഷെ എന്റെ ഇഷ്ടവിഷയമായ പ്രണയം മാത്രം അയാള്‍ സംസാരിച്ചില്ല. ഒന്നുരണ്ട് സാംസ്‌കാരികനായകരുടെ ഫോണ്‍നമ്പര്‍ വാങ്ങുകയും ചെയ്തു. മനസിന്‌ തീരെ ശാന്തതയില്ല-അയാള്‍. ഞാന്‍ 300 രൂപ അയാള്‍ക്ക് കൊടുത്തു. മദ്യപിക്കാനോ സിനിമ കാണാനോ. ഞാന്‍ കുളിമുറിയിലേക്കുപോയി. കുളിച്ചുവന്നപ്പോള്‍ മൊബൈലില്ല. ഷാജി രക്ഷപ്പെട്ടിരിക്കുന്നു. വല്ലാത്ത ദേഷ്യം തോന്നി. പൊലീസില്‍ പരാതി നല്‍കി. ഷാജിയുടെ തൊഴില്‍ മോഷണമാണെന്ന് മനസിലായി. അയാള്‍ക്ക് കരാട്ടെയില്‍ ബ്ലാക്ക്‌ബെല്‍ട്ടുണ്ട്. പരാതി നല്‍കിയിറങ്ങുമ്പോള്‍ സര്‍ക്കിള്‍ പറഞ്ഞു: അവനെ കണ്ടാല്‍ പിടിക്കാന്‍ നോക്കേണ്ട. ഫോണ്‍ ചെയ്താല്‍ മതി. മൊബൈലല്ലേ പോയുള്ളൂ. എനിക്ക് മൊബൈല്‍ പോയതില്‍ സങ്കടമില്ല. പക്ഷെ അതില്‍ ഒരുപാട് കാമുകിമാരുടെ നമ്പറുകളുണ്ടായിരുന്നു. ഞാനത് ജീവിതലക്ഷ്യം പോലെ കാലങ്ങള്‍ കൊണ്ട് സമ്പാദിച്ചതായിരുന്നു. അതിനി സംഘടിപ്പിക്കാന്‍ കഴിയില്ല. ഷാജിയിപ്പോള്‍ മാണിക്കോത്താണെന്നു പറഞ്ഞ് അവരോട് സല്ലപിക്കുകയായിരിക്കുമോ?

Friday, March 20, 2009

സദാചാരം

കോളേജില്‍ പഠിക്കുന്ന കാലമാണ്‌. തലശ്ശേരി പങ്കജില്‍ ഞാനുമൊരു സുഹൃത്തും കമ്പിപ്പടത്തിനു കയറി. സിനിമ തുടങ്ങി. പീസുകളൊക്കെ വന്നുതുടങ്ങിയിട്ടേയുള്ളൂ. സുഹൃത്തിന്റെ ഇരിപ്പിടം ചെറുതായി ഇളകുന്നതുപോലെ. അതിന്റെ വേഗം കൂടിക്കൂടിവന്നു. ഒറ്റയ്ക്കും തെറ്റയ്ക്കും ആളുകള്‍ മാത്രമേയുള്ളൂ. ഇപ്പോള്‍ സിനിമ തുടങ്ങി ഏതാണ്ട് ഇരുപത് മിനിട്ടായിട്ടേയുള്ളൂ.
പൊടുന്നനെ സുഹൃത്ത് ഗൗരവത്തില്‍: ഇതൊക്കെ അശ്ലീല ചിത്രങ്ങളാണ്. നമ്മളെ വഴിപിഴപ്പിക്കും. ഇതൊക്കെ റെയ്ഡ് ചെയ്ത് നിരോധിക്കണം. നമുക്ക് പോകാം.
തകര്‍പ്പന്‍ രംഗങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂവെങ്കിലും അവനെന്നെ വിട്ടില്ല. എത്ര പെട്ടെന്നാണ് ജഗദീശ്വരാ ഒരാള്‍ക്ക് മാനസാന്തരം വരുന്നത്?

Saturday, March 14, 2009

വേദനാപൂര്‍വം

1. ചുറ്റുപാടും ബോംബുകളുടെയും നിലവിളികളുടെയും ശബ്ദം മാത്രം. ഈ കുറിപ്പ് ടൈപ്പ് ചെയ്യുന്നതുവരെ ഞാനോ എന്റെ ചെറിയ വായനക്കാരോ ഉണ്ടാകുമോ എന്നറിയില്ല. ഇപ്പോള്‍ എന്റെ മനസില്‍ ഒരു നാടകമാണ്. രാഷ്ട്രീയ സംഘട്ടനത്തില്‍ മരിച്ചുവീണ ഓരോ മനുഷ്യന്റെയും ഭാര്യമാരും അമ്മമാരും തങ്ങളുടെ സങ്കടങ്ങള്‍ പാനൂരിലെ തെരുവില്‍ ഒരു കഥാപാത്രമായി വിളിച്ചുപറയുന്നതും, ഒടുവില്‍ അരങ്ങില്‍ നിന്നും സ്നേഹത്തിന്റെ ഒരായിരം വെള്ളരിപ്രാവുകള്‍ പറക്കുന്നതും. ഒരു കലാകാരന് ഇങ്ങനെ ചില സ്വപ്‌നങ്ങള്‍ കാണാനേ കഴിയൂ എന്നില്ല. കനത്ത ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കാനും കഴിയണം. എന്തോ..... എനിക്കെന്നല്ല, എന്റെ സുഹൃത്തുക്കള്‍ക്കും കലാസമിതിക്കാര്‍ക്കും അതിന് കഴിയുന്നില്ല. പലതും ഒളിപ്പിച്ചുവെക്കാനുള്ള ഉപായം കൂടിച്ചേര്‍ന്നതാണല്ലോ സാഹിത്യം. വയ്യ സുഹൃത്തേ. ഈ നാടിനെ ആകാവുന്നിടത്തോളം നെഞ്ചിലേറ്റുമ്പോഴും -മടുത്തു. എപ്പോഴാണ് ഞങ്ങളുടെ നാട്ടില്‍ ഒരു ബോധിവൃക്ഷം ഉയരുക?
2. പാനൂരിലെ ഒരു രാഷ്ട്രീയകക്ഷിയില്‍പ്പെട്ട നാല് ക്രിമിനലുകള്‍ ആരെയോ കൊല്ലാന്‍ പോവുകയായിരുന്നു. കുറേനേരം കഴിഞ്ഞു . ആരെയും കിട്ടിയില്ല. അപ്പോള്‍ ബോധോദയം വന്ന ഒരു ചെറുപ്പക്കാരന്‍ പറഞ്ഞു: പേടിക്കാനൊന്നുമില്ല, ആരെയും കിട്ടിയില്ലെങ്കില്‍ മറ്റേ കക്ഷിയില്‍പ്പെട്ട ഏട്ടന്‍ വീട്ടിലുണ്ട്.
3. ഇത് പാനൂരിന്റെ മനസ്. കാലങ്ങളായി ഇവിടെ ചാവേറുകളായി മനുഷ്യന്‍ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ഇപ്പോള്‍ കറന്റില്ല. കേബിള്‍ കട്ടാണ്. ഇന്നലെ ഒരു നിരപരാധിയായ സുഹൃത്ത് കുന്നോത്തുപറമ്പില്‍ കൊല്ലപ്പെട്ടു. അരയാക്കൂലില്‍ ആരോ കൊല്ലപ്പെട്ടിട്ടുണ്ട്. ഏത് രാഷ്ട്രീയക്കാരനാണെന്ന് അറിയില്ല. എന്തായാലെന്ത് അവനും ഒരു മനുഷ്യനല്ലേ ചങ്ങാതീ?