Sunday, March 29, 2009

ഗ്രീഷ്മംപോലെ










ഞാന്‍
'ട്വിസ്റ്റ് ' എന്ന ടെലിഫിലിമെഴുതാന്‍ കൂത്തുപറമ്പിലെ ലോഡ്ജില്‍. കൂട്ടിന് താജുദ്ദീന്‍ . ലോഡ്ജ് എന്നുപറഞ്ഞാല്‍ പഴയ ഒരു വീടാണ്. പ്രശാന്താണ് നോക്കിനടത്തുന്നത്. എനിക്കവിടെ എല്ലാ സ്വാതന്ത്ര്യവുമുണ്ട്‌. ഈ ലോഡ്ജിലിരുന്ന് ഞാനൊരുപാട് ടെലി സ്കിറ്റുകളെഴുതിയിട്ടുണ്ട്. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ പ്രശാന്ത് പറഞ്ഞു
:അപ്പുറത്തെ മുറിയില്‍ ഷാജി എന്നൊരാള്‍ വന്നിട്ടുണ്ട്. അയാളുടെ പണം മുഴുവന്‍ പോക്കറ്റടിച്ചുപോയി. ബാംഗ്ലൂരിലാണ്. ഭക്ഷണമൊക്കെ ഞാനാണ്‌ വാങ്ങിച്ചുകൊടുക്കുന്നത്.
ഒരു ദിവസം ഞാന്‍ ഷാജിയോട് വരാന്തയില്‍ സംസാരിച്ചു. കോള്‍സെന്ററില്‍ ജോലി ചെയ്യുന്നു. ഇംഗ്ലിഷിലും മലയാളത്തിലുമായി അയാള്‍ ഓരോ കാര്യങ്ങള്‍ പറഞ്ഞു. പണം കളവുപോയി. ബാങ്ക് വഴി അയക്കാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട് എന്നൊക്കെ. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ നല്ല ത്രില്ലിലായിരുന്നു. ടെലിഫിലിം തീര്‍ന്നു. അപ്പോള്‍ മുറിയില്‍ വരാമോ എന്ന് ഷാജിയുടെ ചോദ്യം. ഞാനയാളെ സ്വാഗതം ചെയ്തു. കടലാസില്‍ ഞാനൊരു ചിത്രം വരച്ചിട്ടുണ്ടായിരുന്നു. ഷാജി ചിത്രത്തെപ്പറ്റി പറഞ്ഞു. അത് മനസിനെ അസ്വസ്ഥമാക്കു‌ന്നെന്ന്. സാഹിത്യം, രാഷ്ട്രീയം, സംസ്കാരം എന്നിവയെക്കുറിച്ചൊക്കെ ഷാജി സംസാരിച്ചു. പക്ഷെ എന്റെ ഇഷ്ടവിഷയമായ പ്രണയം മാത്രം അയാള്‍ സംസാരിച്ചില്ല. ഒന്നുരണ്ട് സാംസ്‌കാരികനായകരുടെ ഫോണ്‍നമ്പര്‍ വാങ്ങുകയും ചെയ്തു. മനസിന്‌ തീരെ ശാന്തതയില്ല-അയാള്‍. ഞാന്‍ 300 രൂപ അയാള്‍ക്ക് കൊടുത്തു. മദ്യപിക്കാനോ സിനിമ കാണാനോ. ഞാന്‍ കുളിമുറിയിലേക്കുപോയി. കുളിച്ചുവന്നപ്പോള്‍ മൊബൈലില്ല. ഷാജി രക്ഷപ്പെട്ടിരിക്കുന്നു. വല്ലാത്ത ദേഷ്യം തോന്നി. പൊലീസില്‍ പരാതി നല്‍കി. ഷാജിയുടെ തൊഴില്‍ മോഷണമാണെന്ന് മനസിലായി. അയാള്‍ക്ക് കരാട്ടെയില്‍ ബ്ലാക്ക്‌ബെല്‍ട്ടുണ്ട്. പരാതി നല്‍കിയിറങ്ങുമ്പോള്‍ സര്‍ക്കിള്‍ പറഞ്ഞു: അവനെ കണ്ടാല്‍ പിടിക്കാന്‍ നോക്കേണ്ട. ഫോണ്‍ ചെയ്താല്‍ മതി. മൊബൈലല്ലേ പോയുള്ളൂ. എനിക്ക് മൊബൈല്‍ പോയതില്‍ സങ്കടമില്ല. പക്ഷെ അതില്‍ ഒരുപാട് കാമുകിമാരുടെ നമ്പറുകളുണ്ടായിരുന്നു. ഞാനത് ജീവിതലക്ഷ്യം പോലെ കാലങ്ങള്‍ കൊണ്ട് സമ്പാദിച്ചതായിരുന്നു. അതിനി സംഘടിപ്പിക്കാന്‍ കഴിയില്ല. ഷാജിയിപ്പോള്‍ മാണിക്കോത്താണെന്നു പറഞ്ഞ് അവരോട് സല്ലപിക്കുകയായിരിക്കുമോ?

Friday, March 20, 2009

സദാചാരം

കോളേജില്‍ പഠിക്കുന്ന കാലമാണ്‌. തലശ്ശേരി പങ്കജില്‍ ഞാനുമൊരു സുഹൃത്തും കമ്പിപ്പടത്തിനു കയറി. സിനിമ തുടങ്ങി. പീസുകളൊക്കെ വന്നുതുടങ്ങിയിട്ടേയുള്ളൂ. സുഹൃത്തിന്റെ ഇരിപ്പിടം ചെറുതായി ഇളകുന്നതുപോലെ. അതിന്റെ വേഗം കൂടിക്കൂടിവന്നു. ഒറ്റയ്ക്കും തെറ്റയ്ക്കും ആളുകള്‍ മാത്രമേയുള്ളൂ. ഇപ്പോള്‍ സിനിമ തുടങ്ങി ഏതാണ്ട് ഇരുപത് മിനിട്ടായിട്ടേയുള്ളൂ.
പൊടുന്നനെ സുഹൃത്ത് ഗൗരവത്തില്‍: ഇതൊക്കെ അശ്ലീല ചിത്രങ്ങളാണ്. നമ്മളെ വഴിപിഴപ്പിക്കും. ഇതൊക്കെ റെയ്ഡ് ചെയ്ത് നിരോധിക്കണം. നമുക്ക് പോകാം.
തകര്‍പ്പന്‍ രംഗങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂവെങ്കിലും അവനെന്നെ വിട്ടില്ല. എത്ര പെട്ടെന്നാണ് ജഗദീശ്വരാ ഒരാള്‍ക്ക് മാനസാന്തരം വരുന്നത്?

Saturday, March 14, 2009

വേദനാപൂര്‍വം

1. ചുറ്റുപാടും ബോംബുകളുടെയും നിലവിളികളുടെയും ശബ്ദം മാത്രം. ഈ കുറിപ്പ് ടൈപ്പ് ചെയ്യുന്നതുവരെ ഞാനോ എന്റെ ചെറിയ വായനക്കാരോ ഉണ്ടാകുമോ എന്നറിയില്ല. ഇപ്പോള്‍ എന്റെ മനസില്‍ ഒരു നാടകമാണ്. രാഷ്ട്രീയ സംഘട്ടനത്തില്‍ മരിച്ചുവീണ ഓരോ മനുഷ്യന്റെയും ഭാര്യമാരും അമ്മമാരും തങ്ങളുടെ സങ്കടങ്ങള്‍ പാനൂരിലെ തെരുവില്‍ ഒരു കഥാപാത്രമായി വിളിച്ചുപറയുന്നതും, ഒടുവില്‍ അരങ്ങില്‍ നിന്നും സ്നേഹത്തിന്റെ ഒരായിരം വെള്ളരിപ്രാവുകള്‍ പറക്കുന്നതും. ഒരു കലാകാരന് ഇങ്ങനെ ചില സ്വപ്‌നങ്ങള്‍ കാണാനേ കഴിയൂ എന്നില്ല. കനത്ത ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കാനും കഴിയണം. എന്തോ..... എനിക്കെന്നല്ല, എന്റെ സുഹൃത്തുക്കള്‍ക്കും കലാസമിതിക്കാര്‍ക്കും അതിന് കഴിയുന്നില്ല. പലതും ഒളിപ്പിച്ചുവെക്കാനുള്ള ഉപായം കൂടിച്ചേര്‍ന്നതാണല്ലോ സാഹിത്യം. വയ്യ സുഹൃത്തേ. ഈ നാടിനെ ആകാവുന്നിടത്തോളം നെഞ്ചിലേറ്റുമ്പോഴും -മടുത്തു. എപ്പോഴാണ് ഞങ്ങളുടെ നാട്ടില്‍ ഒരു ബോധിവൃക്ഷം ഉയരുക?
2. പാനൂരിലെ ഒരു രാഷ്ട്രീയകക്ഷിയില്‍പ്പെട്ട നാല് ക്രിമിനലുകള്‍ ആരെയോ കൊല്ലാന്‍ പോവുകയായിരുന്നു. കുറേനേരം കഴിഞ്ഞു . ആരെയും കിട്ടിയില്ല. അപ്പോള്‍ ബോധോദയം വന്ന ഒരു ചെറുപ്പക്കാരന്‍ പറഞ്ഞു: പേടിക്കാനൊന്നുമില്ല, ആരെയും കിട്ടിയില്ലെങ്കില്‍ മറ്റേ കക്ഷിയില്‍പ്പെട്ട ഏട്ടന്‍ വീട്ടിലുണ്ട്.
3. ഇത് പാനൂരിന്റെ മനസ്. കാലങ്ങളായി ഇവിടെ ചാവേറുകളായി മനുഷ്യന്‍ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ഇപ്പോള്‍ കറന്റില്ല. കേബിള്‍ കട്ടാണ്. ഇന്നലെ ഒരു നിരപരാധിയായ സുഹൃത്ത് കുന്നോത്തുപറമ്പില്‍ കൊല്ലപ്പെട്ടു. അരയാക്കൂലില്‍ ആരോ കൊല്ലപ്പെട്ടിട്ടുണ്ട്. ഏത് രാഷ്ട്രീയക്കാരനാണെന്ന് അറിയില്ല. എന്തായാലെന്ത് അവനും ഒരു മനുഷ്യനല്ലേ ചങ്ങാതീ?

Saturday, March 7, 2009

പോഷ് ലൈഫ്

ഷാജി പറഞ്ഞതാണ്‌. അവനും മനുവും അടിച്ചുപൊളിക്കാന്‍ മംഗലാപുരത്ത് പോയി. ജോലിയൊന്നുമില്ലെങ്കിലും പേപ്പര്‍ വിറ്റതും കൊട്ടടക്ക വിറ്റതുമൊക്കെയായി കുറച്ചു കാശുണ്ട്. എത്ര കാലമായി പൊക്കേട്ടന്റെ ഹോട്ടലില്‍ പുട്ടും കടലക്കറിയും കഴിക്കുന്നു. ടൌണിലെ വലിയ ഹോട്ടലില്‍തന്നെ കയറി. ഹോട്ടലില്‍ നിറങ്ങളുടെ ഉത്സവം, മന്ത്രസ്ഥായിയില്‍ ഗസല്‍, കമനീയമായി അലങ്കരിച്ച ടേബിളുകള്‍, വൃത്തിയുള്ള യൂണിഫോമിട്ട സപ്ലയര്‍... പെട്ടെന്നുതന്നെ നാട്ടില്‍നിന്നും വേര്‍പെട്ട് മനോഹരമായ ഒരു ഭൂഖണ്ടത്തിലെത്തിയതുപോലെ അവര്‍ക്കുതോന്നി. സപ്ലയര്‍ വന്നു. ബ്രഡിന് കൂട്ടാന്‍ ഗോള്‍ഡ്ഫിഷ് ഫ്രൈയുണ്ട്, സില്‍വര്‍ഫിഷ് ഫ്രൈയുണ്ട്. സപ്ലയറുടെ വായില്‍നിന്നും അത് കേട്ടപ്പോള്‍തന്നെ നാവില്‍ വെള്ളമൂറി. എത്ര പണമാകും? സാരമില്ല, ഒരു ദിവസമെങ്കിലും നരിയായി ജീവിക്കണം. ഷാജി ഗോള്‍ഡ്ഫിഷ് ഫ്രൈക്കും മനു സില്‍വര്‍ഫിഷ് ഫ്രൈക്കും (പണത്തിന്റെ പ്രശ്നമെങ്ങാനും വരുമോ എന്നു ഭയന്ന്) ഓര്‍ഡര്‍ കൊടുത്തു. ചൂടുള്ള പ്ലേറ്റില്‍ താളംപിടിച്ച് ചൂളമടിച്ച് അവര്‍ വെയ്റ്റ് ചെയ്തു.
സപ്ലയര്‍ സാധനം കൊണ്ടുവന്നപ്പോള്‍ അവര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
ഗോള്‍ഡ്ഫിഷ് ഫ്രൈ എന്നത് നാട്ടില്‍നിന്ന് മീന്‍കാരന്‍ മൂസക്ക വാരിക്കോരി കൊടുക്കുന്ന പുയ്യാപ്ല കൂട്ടാന്‍ . സില്‍വര്‍ഫിഷ് ഫ്രൈ ആരും വാങ്ങാത്ത വേളൂരി.
അഞ്ഞൂറ് രൂപയിലധികം ബില്‍ കൊടുത്ത് രണ്ടുപേരും നിസ്വരായി മംഗലാപുരം റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നു.