Saturday, February 28, 2009

സൈദ്ധാന്തികം

എം.എന്‍ .വിജയന്‍ മരിച്ചതിനുശേഷം ശിഷ്യരും ദത്തുപുത്രരും തുരുതുരാ എഴുതിക്കൊണ്ടിരുന്നു. ചിലര്‍ അച്ഛനാണ് വിജയന്‍ മാഷെന്ന്, ചിലര്‍ ഗുരുവാണെന്ന്, ചിലരാകട്ടെ ദൈവമാണെന്ന്. വിജയന്‍ മാഷ് അച്ഛനാണെന്ന് വിവരിക്കുന്ന ഒരു ലേഖനം വായിച്ചശേഷം ഞാന്‍ ശ്രീമതിയോട് പറഞ്ഞു.
:വിജയന്‍ മാഷിന് ഒരുപാടു പേര്‍ അച്ഛനാണ്. അതിന്റെ ഗുട്ടന്‍സ് എന്താണെന്നുവെച്ചാല്‍, വിജയന്‍ മാഷ് കോലായിലിരിക്കുന്നുണ്ടാവും. വിജയന്‍മാഷെ തേടി ചെല്ലുന്നവര്‍ക്ക് അദ്ദേഹവുമായി സംവദിക്കാനോ അദ്ദേഹത്തിന്റെ ആശയങ്ങള്‍ നെഞ്ചില്‍ പേറാനോ ശേഷിയില്ല. അപ്പോള്‍ അവര്‍ അമ്മേ എന്നും പറഞ്ഞ് അടുക്കളയില്‍ പാഞ്ഞുകയറി മുരിങ്ങാക്കായ് മുറിച്ചിടും. തക്കാളിയെപ്പറ്റി അഭിപ്രായം പറയും. ബൗദ്ധികശേഷി ഇല്ല എന്നതാണ് ഇതിന്റെ പിന്നിലെ യഥാര്‍ഥപ്രശ്നം.
അപ്പോള്‍ ശ്രീമതി: അവരെക്കൊണ്ട് അത്രയെങ്കിലും ഉപകാരമുണ്ട് മനുഷ്യാ.

Saturday, February 21, 2009

കോണ്ടം തിയറി

ഈയിടെ ഒരു നിരോധ് വാങ്ങേണ്ട ആവശ്യം വന്നു. കണാരേട്ടന്റെ പീടികയില്‍ ചെന്ന് അല്പമൊരു ലജ്ജയോടെ കാര്യമവതരിപ്പിച്ചു. പീടികയ്ക്ക് മുന്നില്‍ രണ്ട് ബെഞ്ചിലായി കുപ്പായമില്ലാത്ത കഥാപാത്രങ്ങളുണ്ടാകും. എന്റെ നിരോധ് വിഷയം ഊക്കനൊരു ചര്‍ച്ചയ്ക്ക് വഴിമരുന്നായി.
:"മാഷിനെന്താ ഒരു കുട്ടികൂടി വേണ്ടേ?"
:"ഇപ്പോഴത്തെ കുട്ടിക്ക് അഞ്ചു വയസ് കഴിഞ്ഞില്ലേ?"
:"പണ്ടൊക്കെ വീടുകളില്‍ കണ്ടമാനം പിള്ളേരില്ലായിരുന്നോ?"..... എന്നൊക്കെ.
ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടം എന്നുപറഞ്ഞ്‌ ചര്‍ച്ച ഒന്നു നനച്ചത്‌ സജീവനാണ്. സജീവന്‍ അവിവാഹിതനാണ്. പെയിന്റിങ്ങാണ് ജോലി. മദ്യപിക്കില്ല, പുകവലിക്കില്ല. മരണവീട്ടിലും കല്യാണവീട്ടിലും ആദ്യാവസാനക്കാരന്‍ . ചിലപ്പോള്‍ എന്റെ മനസ് തനിയെ പറയാറുണ്ട്: ഇങ്ങനെയുള്ള ചെറുപ്പക്കാരാണ് ഓരോ നാടിനേയും മുന്നോട്ടു നയിക്കുന്നത്.
പിന്നീട് പലപ്പോഴായി കണാരേട്ടന്റെ പീടികയില്‍ വലിയപേക്ക്‌ നിരോധ് ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ഞാനുള്ളപ്പോള്‍ ആരും വാങ്ങുന്നത് കാണുന്നില്ല. പ്ലസ്ടു ബബീഷുമാര്‍ക്ക് ഈ വക കാര്യങ്ങളില്‍ വലിയ interest ഇല്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. മുസ്‌ലിം ഏരിയ ആയതുകൊണ്ട് ആണുങ്ങള്‍ അധികം നാട്ടിലില്ല. എന്നിട്ടും എങ്ങനെയാണ് അരിച്ചാക്ക് കാലിയാകുന്നതുപോലെ നിരോധ് തീരുന്നത്? കണാരേട്ടന്‍ ഇന്നലെ ഒരു പേക്കറ്റ് കാമസൂത്രയും മൂഡ്സും കൊണ്ടുവെച്ചിട്ടുണ്ട്. ഇത് ചെറിയ കടയാണ്. സിഗരറ്റിന്റെയും പാന്‍പരാഗിന്റെയും കച്ചവടമേയുള്ളൂ. കൂടുതല്‍ സാധനങ്ങള്‍ മിക്കവരും തലശ്ശേരിയില്‍ നിന്ന് ഹോള്‍സെയിലായാണ് വാങ്ങുന്നത്. പലപ്രാവശ്യം പലവേഷത്തിലും ഭാവത്തിലും നിരോധ് വിഷയത്തിന്റെ കാരണമറിയാന്‍ ഞാന്‍ കടയില്‍ നില്‍ക്കും. ഇല്ല, ആരും വാങ്ങുന്നില്ല. കടയില്‍ മിക്കപ്പോഴും ചര്‍ച്ചകളായിരിക്കും. അക്രമത്തെക്കുറിച്ച്, ലാവലിനെക്കുറിച്ച്, ആണവകരാറിനെക്കുറിച്ച്..... ഒക്കെ ആരെയും ബുദ്ധിമുട്ടിക്കാത്ത കാരംസ് കളിപോലുള്ള ചര്‍ച്ചയാണ്. എന്റെ മനസിലെ സി.ബി.ഐ. വീണ്ടും നിരോധ് വിഷയത്തില്‍ ഇന്‍വെസ്റ്റിഗേഷന്‍ തുടര്‍ന്നു. ഒരു തുമ്പും കിട്ടിയില്ല. ഒടുവില്‍ കണാരേട്ടന്‍ തനിയെയുള്ളപ്പോള്‍ ഞാന്‍ ചോദിച്ചു.
:ആരാ കണാരേട്ടാ ഈ നിരോധൊക്കെ വാങ്ങുന്നത്?
:സജീവന്‍ . എന്നെ നോക്കി ആക്കിയൊരു ചിരിചിരിച്ച് കണാരേട്ടന്‍ ബീഡിക്ക് തീ കൊളുത്തി.

Friday, February 13, 2009

സണ്ണിച്ചായന്‍

ബാംഗ്ലൂരിലാണ് ഞാന്‍ . സണ്ണിച്ചായനെ മുമ്പ് പരിചയപ്പെട്ടിരുന്നു. ഏഴടിയോളം ഉയരം. ഉറച്ച ശരീരം. മുമ്പ് നാട്ടിലുള്ളപ്പോള്‍ മുപ്പത് കേസില്‍ പ്രതിയായിരുന്നു. ഇപ്പോള്‍ ബാംഗ്ലൂരില്‍ സണ്ണിച്ചായനെന്നു കേട്ടാല്‍ ആരുമൊന്നു ഞെട്ടും. ഗൊട്ടിക്കരയിലെ ഏട്ടന്റെ കടയ്ക്കടുത്ത് നില്‍ക്കുകയായിരുന്നു ഞാന്‍ . പരുക്കന്‍ ശബ്ദത്തില്‍ ഒരു മുരടന്‍ ജീപ്പ് വന്ന് എനിക്കഭിമുഖമായി നിര്‍ത്തി.
അഞ്ചാറ് പാന്‍പരാഗുകള്‍ വായിലിടുന്നതിനിടയില്‍ സണ്ണിച്ചായന്‍ പറഞ്ഞു:കയറ്.
ഡ്രൈവിങ്ങിനിടയില്‍ സണ്ണിച്ചായന്‍
:ഒരു വണ്ടി വാങ്ങ്. മാഷ്ക്കെന്താ പ്രശ്നം. ഭാര്യയ്ക്ക് ജോലിയില്ലേ?
:വാങ്ങണം. ബാങ്കിലെ ലോണുകള്‍ നാവിലുടക്കിയിട്ടും ഞാന്‍ പറഞ്ഞു. സണ്ണിച്ചായന്‍ മുമ്പ് നാട്ടകം സാംസ്‌കാരികവേദിക്ക് 1000 രൂപ പിരിവു തന്നിട്ടുണ്ട്. ഞാനതോര്‍ക്കുകയായിരുന്നു.
:നാട്ടിലെ കള്ള് കുടിക്കണോ. ചെത്തിയ കള്ള്.
:ടൌണിലതെങ്ങനെ കിട്ടും-ഞാന്‍ .
നിസാരമായി വണ്ടി ഒരു കയറ്റം കയറി. ഒരു മുരള്‍ച്ചയോടെ ഞങ്ങള്‍ തെങ്ങുകളുടെ മഹാസമുദ്രത്തില്‍. ഒരു സ്ത്രീ പാത്രത്തില്‍ കള്ളുമായിരിക്കുന്നു.
രണ്ടുകപ്പ് വീതം ഞങ്ങള്‍ കുടിച്ചു. അഞ്ജനാപുരത്ത് സണ്ണിച്ചായന്റെ ബേക്കറിയിലെത്തി.
സണ്ണിച്ചായന് തുരുതുരാ ഫോണ്‍കോളുകള്‍. ആരും വരേണ്ട, എനിക്കിവിടെ പ്രശ്നമൊന്നുമില്ല എന്നു പറയുന്നത് കേട്ടു. സണ്ണിച്ചായന്‍ പറഞ്ഞു: ഇന്നലെ എന്റെ കടയില്‍ കയറി മൂന്നാല് ഗ്ലാസുകള്‍ പൊട്ടിച്ചു. പണിക്കാര്‍ക്ക് തല്ലും കിട്ടി.
:തിരിച്ചൊന്നും ചെയ്തില്ലേ?
സണ്ണിച്ചായന്‍ ഒന്നും പറഞ്ഞില്ല. എനിക്കൊരു പഴം ഇരിഞ്ഞുതന്നു. ബാംഗ്ലൂരില്‍ ഇലക്ഷന്‍ പ്രചാരണമാണ്. മൂന്നാലുപേര്‍ നടന്നുപോകുന്നു. തലയില്‍ ടവല്‍ കെട്ടിയ ഒരു ചെറുപ്പക്കാരനെ ചൂണ്ടി അങ്ങേയറ്റം ശാന്തനായി സണ്ണിച്ചായന്‍ :അവനാ പ്രശ്നമുണ്ടാക്കിയത്.
:തിരിച്ചൊന്നും -ഞാന്‍ വീണ്ടും.
:എന്തിന്. അക്രമം കൊണ്ടൊന്നും ഒന്നും തീരില്ല മാഷേ. മടുത്തു. ഞങ്ങളിപ്പോള്‍ തിരിച്ച് ഗൊട്ടിക്കരയിലേക്ക്. സ്റ്റിയറിങ്ങ് പിടിച്ച സണ്ണിച്ചായന്റെ കൈകളിലേക്ക് ഞാന്‍ നോക്കി, പ്രാകൃതവും വന്യവുമായ പാടുകളുള്ള കൈ. കുത്തുകൊണ്ട മുറിവ്... ഈ മനുഷ്യന്‍ ഒരു പാഠപുസ്തകമാണെന്ന് മനസില്‍ ആരോ പിറുപിറുത്തു.
സണ്ണിച്ചായനെക്കുറിച്ചുള്ള കുറിപ്പ് ഇങ്ങനെ നിര്‍ത്തിയതായിരുന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഏട്ടന്റെ മകന്‍ അനു വിളിച്ചുപറഞ്ഞു , സണ്ണിച്ചായന്റെ പീടികയില്‍ കുഴപ്പമുണ്ടാക്കിയവന്‍ മരിച്ചുകിടക്കുകയാണെന്ന്, സണ്ണിച്ചായനെ സംശയമുണ്ടെന്നും. ഈ ഓണത്തിന് ഞാന്‍ സണ്ണിച്ചായനെ കണ്ടു. നിങ്ങളായിരുന്നോ ചെയ്യിച്ചത്? ഞാന്‍ ആ കണ്ണുകളിലേക്കു നോക്കി ചോദിച്ചു.
:ഇല്ല മാഷേ. നിങ്ങള് വിശ്വസിക്കില്ല. അവന്‍ രണ്ടുമൂന്ന് കേസില്‍ പ്രതിയാ. ഞാനൊന്നുമറിയില്ല. സത്യമാ മാഷേ പറയുന്നത്. ഒക്കെ മടുത്തു. കൊല്ലലും കൊല്ലിക്കലും.
നാട്ടിലെ രാഷ്ട്രീയ കൊലപാതകങ്ങളെ സണ്ണിച്ചായന്‍ നിശിതമായി വിമര്‍ശിച്ചു. ഓരോ കൊലപാതകിയും അനുഭവിക്കുന്ന മാനസികപ്രയാസങ്ങളെക്കുറിച്ച് പറഞ്ഞു. കരിമ്പാറയിലൂടെ ഒഴുകുന്ന തണുത്ത ജലധാരപോലെയാണ് എനിക്ക് സണ്ണിച്ചായന്റെ സാമീപ്യം അനുഭവപ്പെട്ടത്. ശരിയാണ്, മുമ്പ് പറഞ്ഞതുപോലെ ഈ മനുഷ്യന്‍ ഒരു പാഠപുസ്തകമാണ്.

Monday, February 9, 2009

നാട്ടകം

ആകാശവാണിയില്‍ ചിത്രീകരണം കേട്ടെന്ന് ആശാരി നാണുവേട്ടന്‍ . ആശാരി നാണുവേട്ടനായിരുന്നു പണ്ടെന്നെ കളരി പഠിപ്പിച്ചിരുന്നത്.
:ഉഷാറായി ഇനിയുമിനിയുമെഴുതണം. നാണുവേട്ടന്റെ ആശംസ. ഞാന്‍ തലയാട്ടി. പോകുമ്പോള്‍ വളരെ പതിയെ നാണുവേട്ടന്‍ ചോദിച്ചു: ആ പലകമേല്‍ വെച്ചുതന്നെയല്ലേ എഴുതുന്നത്?
:പിന്നെ; ഞാന്‍ .
:അതിനാണ് ഞാനതുണ്ടാക്കിത്തന്നത്. ചിരിച്ചുകൊണ്ട് നാണുവേട്ടന്‍ .
പത്തിരുപത് വര്‍ഷങ്ങള്‍ക്കു മുമ്പ് വീട്ടില്‍ ആശാരിപ്പണിയെടുക്കുമ്പോള്‍ പാഴ്മരങ്ങള്‍കൊണ്ട് എഴുതാനായി നാണുവേട്ടനെനിക്കൊരു പലകയുണ്ടാക്കിത്തന്നിരുന്നു. ഇപ്പോഴും ഞാനെഴുതുന്നത് ആ പാഴ്മരപ്പലകയില്‍ വെച്ചാണ്‌. ശരിയാണ്, എന്റെ എഴുത്തിന്റെ വിജയങ്ങളുടെ ഒരു പങ്ക് ആശാരി നാണുവേട്ടനും പരാജയങ്ങള്‍ എനിക്കുമുള്ളതാണ്.