മകനെ ഒരു വലിയ ആളാക്കണമെന്നുണ്ടായിരുന്നു. എന്‍ജിനീയറോ ഡോക്ടറോ. പഠിക്കും. ശ്രീമതിക്കായിരുന്നു കൂടുതല്‍ ആഗ്രഹം. പക്ഷെ അവനിപ്പോള്‍ ഏതുസമയവും ചിത്രം വരയാണ്. സ്വന്തമായി ഒരു നാടകം അഭിനയിക്കുന്നു. വീട്ടിലുള്ള പല സാധനങ്ങളും ശില്പങ്ങളാക്കുന്നു. ശ്രീമതിയും ഞാനും ഇരുന്നു പുകഞ്ഞു. ഒടുവില്‍ അവള്‍:അവന്‍ ഒരു നല്ല കലാകാരനാകും. 'നല്ല' എന്ന പദം ഇത്തിരി വേവലാതിയോടെയാണ് അവള്‍ പറഞ്ഞത്.
പക്ഷെ എനിക്ക് കരച്ചില്‍ വന്നു. പ്രിയപ്പെട്ടവളേ ഞാനൊരിക്കലും അവനെ പ്രോത്സാഹിപ്പിക്കില്ല. എനിക്ക് ദൈവത്തോടു ചോദിക്കണം, ശപിക്കപ്പെട്ട ജന്മങ്ങളെ എന്തിനാണു നീ വീണ്ടും വീണ്ടും ഭൂമിയിലെറിയുന്നത്?
ഞാന്‍ അവന്റെ ശിരസ്സില്‍ നോക്കി. അതില്‍ ഇനി ഭ്രാന്തിന്റെ അരളിപ്പൂക്കള്‍ കായ്ക്കും. അവന്റെ കാലിന് ലോകത്തിന്റെ മുഴുവന്‍ ഭാരവുമുണ്ടാകും. പൊള്ളുന്ന ഏകാന്തതയില്‍ അവന്‍ ഞങ്ങളെ ഉപേക്ഷിച്ചു പോകാം. മോനേ..... എന്ന് ചേര്‍ത്തു വിളിച്ച് അവന്റെ നെറ്റിയില്‍ ചുംബിച്ചു. ഞാന്‍ കരഞ്ഞു. ഒരു ദുരന്തത്തെ മുന്നില്‍ കാണുന്നതുപോലെ പ്രിയപ്പെട്ടവളേ നിന്റെ കണ്ണ് നനഞ്ഞോ? ഇനി നീ ഇവനെയും.....

No comments:
Post a Comment