Saturday, April 25, 2009

ക്ഷുഭിതയൗവനം












അച്ഛന്റെ ഒരു കാല്‍വിരല്‍ ഷുഗറായിട്ട് മുറിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും പഴുപ്പുകയറി. ഞാനും അച്ഛനും കോഴിക്കോട് പി.വി.എസ്.ആശുപത്രിയില്‍. ഒരു പക്ഷെ കാലുതന്നെ മുറിക്കേണ്ടി വരാം. കുട്ടിക്കാലം മുതല്‍ക്കുതന്നെ അച്ഛന്റെ കരിങ്കല്ലുപോലുള്ള സ്വഭാവവും എന്റെ ഭ്രാന്തുകളും എട്ടുമുട്ടിക്കൊണ്ടേയിരുന്നു. എത്രപ്രാവശ്യം ഞാന്‍ വീടുവിട്ടിട്ടുണ്ട്, അച്ഛനും. കൊഴുത്ത കഫക്കെട്ടിന്റെ ആകൃതിയിലാണ് എന്റെ വീട്.
ആശുപത്രിയില്‍ അച്ഛനുകൂട്ടായി ഞാന്‍ മാത്രം. ഞങ്ങള്‍ ആറുമക്കളാണ്. മറ്റാരും വന്നില്ല. ഏകാകിയായി സ്വന്തം ലോകത്ത് അച്ഛന്‍ . എന്റെ നാടകസുഹൃത്തുക്കള്‍ പലരും വരും. എ.ശാന്തകുമാര്‍, നവീന്‍രാജ് മലാപ്പറമ്പ്, എബി, സോമന്‍ കടലൂര്‍, രാജ്കുമാര്‍. അവര്‍ അന്തരീക്ഷം തണുപ്പിക്കാന്‍ ശ്രമിക്കും. എങ്കിലും അച്ഛനാരോടും അടുത്തില്ല. ജീവിതം കൈവിട്ടുപോകുന്നു എന്ന ചിന്തയായിരുന്നു അച്ഛന്റെയുള്ളില്‍. ഒടുവില്‍ ഡോക്ടര്‍ ഒരു വിരല്‍ കട്ട് ചെയ്യണമെന്നു പറഞ്ഞു. പഴുപ്പുണ്ടെങ്കില്‍ കൂടുതല്‍ ഭാഗവും..... പച്ചക്കുപ്പായമിട്ട് ഓപ്പറേഷന്‍ തിയേറ്ററിലേക്കു പോകുമ്പോള്‍ അച്ഛന്‍ പറഞ്ഞു:
ഞാനിനി എങ്ങന്യാ വര്വാന്നറിഞ്ഞൂടാ. അച്ഛന്റെ കണ്ണുകള്‍ നനഞ്ഞിരുന്നു.
പലരെയും സഹായിച്ചിട്ടുണ്ട്. ആരും ആശുപത്രീപ്പോലും വന്നില്ല -അച്ഛന്‍ എന്നെ ചേര്‍ത്തുപിടിച്ച് കരഞ്ഞു. നിനക്കു ഞാന്‍ എന്തുവേണേലും തരാം.
ഞാനൊന്നും പറഞ്ഞില്ല.
തിയേറ്ററിലേക്കു കടക്കുമ്പോള്‍ അച്ഛന്‍ തിരിഞ്ഞുനോക്കി. ഒന്നും വരില്ലെന്ന ഭാവത്തില്‍ ഞാന്‍ ചിരിച്ചു. അച്ഛന്‍ പോയപ്പോള്‍ ഞാന്‍ കരഞ്ഞു. വെറുതെ മനസ് പിറുപിറുത്തു: പ്രിയപ്പെട്ട അച്ഛാ നിങ്ങള്‍ക്കെന്റെ നഷ്ടപ്പെട്ട കുട്ടിക്കാലം തിരിച്ചുതരാന്‍ കഴിയുമോ? അങ്ങനെ ചിന്തിക്കാന്‍ പാടില്ല. മനസ് വിയര്‍ത്തു. ഒന്നുരണ്ട് മണിക്കൂര്‍ ഇരുന്നു. ടെന്‍ഷന്‍ കൊണ്ട് നവീനെ വിളിച്ചു. അവന്‍ ഓടിയെത്തി. ഡോക്ടര്‍ ലിയ ഒരു നാടകസ്നേഹിയാണ് -അവന്‍ പറഞ്ഞു. മറ്റാര്‍ക്കും കടക്കാന്‍ കഴിയാത്ത ഓപ്പറേഷന്‍ തിയേറ്ററില്‍ അച്ഛനഭിമുഖമായി ഞാന്‍ ഡോക്ടറുമായി സംസാരിച്ചു
:പഴുപ്പുള്ളിടത്ത് മാത്രം. അച്ഛനൊന്നും പറ്റരുത്‌.
വീണ്ടും കാത്തിരിപ്പ്. തിയേറ്ററിന്റെ വാതില്‍ തുറന്നു. സ്ട്രച്ചറില്‍ അച്ഛന്‍ . ഞാന്‍ അച്ഛന്റെ മുഖത്തേക്കാണാദ്യം നോക്കിയത്.
കുറച്ചുമാത്രമേ എടുത്തുള്ളൂ -നേര്‍ത്ത മന്ദഹാസത്തോടെ അച്ഛന്‍ . റൂമിലേക്ക്‌ സ്ട്രച്ചറുന്തി പായുമ്പോള്‍ അച്ഛന്റെ മുഖത്ത് എന്റെ നഷ്ടപ്പെട്ട കുട്ടിക്കാലം ഞാന്‍ കണ്ടു.

No comments:

Post a Comment