Friday, January 30, 2009

ഉന്മാദം

ഞാനിപ്പോള്‍ ബാംഗ്ലൂരിലെ നിംഹാന്‍സ് ചിത്തരോഗാശുപത്രിയിലാണ്. രോഗമെന്തെന്നറിയില്ല. കണ്ണൂര്‍ ആശുപത്രിയില്‍ ഡോ.ശിവരാമകൃഷ്ണന്റെയടുത്ത് ഒന്നു വയലന്റായതേ ഭ്രാന്താണെന്നു തോന്നിക്കുന്നതായുള്ളൂ. അതാണെങ്കില്‍ മന:പൂര്‍വമായിരുന്നു. You are too brilliant എന്നു പറഞ്ഞ് അയാളെന്നെ ഡിസ്ചാര്‍ജ് ചെയ്തു.
നിംഹാന്‍സില്‍ സുഖമാണ്. രാത്രി കിടക്കാന്‍നേരം ഏട്ടന്‍ വരും (ഏട്ടന്റെ പഴയ ബെഡിലാണ് ഞാനിപ്പോള്‍). ഉത്തര്‍പ്രദേശുകാരുമായി ക്രിക്കറ്റ് കളിക്കും. ബംഗാളിയെ മലയാളം പഠിപ്പിക്കും. ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ ചിത്രങ്ങള്‍ വരയും. എന്റെ മുറിയില്‍ ബംഗാളില്‍ നിന്നുള്ള ഒരു ഫുട്ബോള്‍താരം അഡ്മിറ്റ് ആയി. മുറിഇംഗ്ലീഷില്‍ ഞങ്ങള്‍ ഫുട്ബോളിനെപ്പറ്റി ഒത്തിരി സംസാരിച്ചു. വൈകുന്നേരം അയാള്‍ പറഞ്ഞു: Will you accompany Lalbag?
: Sure.
അയാളുടെ കൈയില്‍ ഒരു കവറുണ്ടായിരുന്നു. ഞങ്ങള്‍ ഒരു ഓട്ടോ പിടിച്ചു. ഉദ്യാനത്തിലൂടെ നടന്നുതളര്‍ന്ന ഞങ്ങള്‍ പൂക്കള്‍ക്കിടയില്‍ ചാരുബെഞ്ചിലിരുന്നു. അയാള്‍ പതിയെ കൈയിലെ കവര്‍ തുറന്നു. അതില്‍ ഒരു ചങ്ങലയും പൂട്ടും ഉണ്ടായിരുന്നു.
Dear friend, when I am violent please chain me- നിസാരമായാണയാള്‍ പറഞ്ഞത്. ഞാന്‍ കവര്‍ വാങ്ങി. അപ്പോള്‍ വെറുതെ ആലോചിച്ചു. ഞാന്‍ വയലന്റായാല്‍ ആരെന്നെ ബന്ധിക്കും? ഒരു ചങ്ങല വാങ്ങണം.

Saturday, January 24, 2009

ആര്‍ട്ടിസ്റ്റ്

മകനെ ഒരു വലിയ ആളാക്കണമെന്നുണ്ടായിരുന്നു. എന്‍ജിനീയറോ ഡോക്ടറോ. പഠിക്കും. ശ്രീമതിക്കായിരുന്നു കൂടുതല്‍ ആഗ്രഹം. പക്ഷെ അവനിപ്പോള്‍ ഏതുസമയവും ചിത്രം വരയാണ്. സ്വന്തമായി ഒരു നാടകം അഭിനയിക്കുന്നു. വീട്ടിലുള്ള പല സാധനങ്ങളും ശില്പങ്ങളാക്കുന്നു. ശ്രീമതിയും ഞാനും ഇരുന്നു പുകഞ്ഞു. ഒടുവില്‍ അവള്‍
:അവന്‍ ഒരു നല്ല കലാകാരനാകും. 'നല്ല' എന്ന പദം ഇത്തിരി വേവലാതിയോടെയാണ് അവള്‍ പറഞ്ഞത്.
പക്ഷെ എനിക്ക് കരച്ചില്‍ വന്നു. പ്രിയപ്പെട്ടവളേ ഞാനൊരിക്കലും അവനെ പ്രോത്സാഹിപ്പിക്കില്ല. എനിക്ക് ദൈവത്തോടു ചോദിക്കണം, ശപിക്കപ്പെട്ട ജന്മങ്ങളെ എന്തിനാണു നീ വീണ്ടും വീണ്ടും ഭൂമിയിലെറിയുന്നത്?
ഞാന്‍ അവന്റെ ശിരസ്സില്‍ നോക്കി. അതില്‍ ഇനി ഭ്രാന്തിന്റെ അരളിപ്പൂക്കള്‍ കായ്ക്കും. അവന്റെ കാലിന് ലോകത്തിന്റെ മുഴുവന്‍ ഭാരവുമുണ്ടാകും. പൊള്ളുന്ന ഏകാന്തതയില്‍ അവന്‍ ഞങ്ങളെ ഉപേക്ഷിച്ചു പോകാം. മോനേ..... എന്ന് ചേര്‍ത്തു വിളിച്ച്‌ അവന്റെ നെറ്റിയില്‍ ചുംബിച്ചു. ഞാന്‍ കരഞ്ഞു. ഒരു ദുരന്തത്തെ മുന്നില്‍ കാണുന്നതുപോലെ പ്രിയപ്പെട്ടവളേ നിന്റെ കണ്ണ് നനഞ്ഞോ? ഇനി നീ ഇവനെയും.....

Saturday, January 17, 2009

ചോരപ്പൂക്കള്‍

മദ്യപിച്ചു വണ്ടിയോടിച്ചതിന് പാനൂര്‍ എസ്.ഐ. പിടിച്ചു. സ്റ്റേഷന്റെ ഒരു ഭാഗത്ത് ഒരു കൊലപാതകിയെപ്പോലെ നില്‍ക്കുകയാണ് ഞാന്‍ . ഒരു ഗ്രില്‍സിനപ്പുറം ലോക്കപ്പാണ്‌. ലോക്കപ്പില്‍ നാലു പോലീസുകാര്‍ ഒരാളെ ക്രൂരമായി മര്‍ദിക്കുന്നു. അടിയേറ്റ് പുളയുന്ന അടിവസ്ത്രം മാത്രമിട്ട കറുത്ത ആള്‍രൂപം നിഴല്‍പ്പാടുപോലെ എനിക്കു കാണാം. രംഗമാസ്വദിക്കുന്ന എസ്.ഐ. ക്രൂരമായി ചിരിച്ച് എന്നോട്: മാഷാണല്ലേ? നിന്റെ പണി തെറിപ്പിക്കും.
ഞാനൊന്നും പറഞ്ഞില്ല. സഹായിക്കാന്‍ ആരുമില്ല.
ഇപ്പോള്‍ നാലു പോലീസുകാരും കിതച്ചുകൊണ്ട് വെളിയിലേക്ക്. അവര്‍ തളര്‍നെന്നു തോന്നുന്നു. അപരിചിതനായ കറുത്ത മനുഷ്യന്‍ എന്റെ അടുത്തേക്ക് നടന്നു വന്നു. അയാളുടെ ശരീരം മുഴുവന്‍ പാടുകളാണ്.
അയാള്‍: മാഷേ ഞാനാ. എന്താ ഇവിടെ?
എനിക്കയാളെ മനസിലായില്ല. വിക്കി വിക്കി ഞാന്‍ മെല്ലെ പറഞ്ഞു.
: മദ്യപിച്ചു വണ്ടിയോടിച്ചു.
അയാള്‍ ഗ്രില്‍സിനടുത്തു വന്ന് എന്റെ വിരലില്‍ തൊട്ട് പതിയെ പറഞ്ഞു.
: നിങ്ങളെ വിടും പേടിക്കേണ്ട. അവര് പേടിപ്പിക്കുന്നതാ.
നിങ്ങളുടെ കേസ് -ഞാന്‍ ചോദിച്ചു.
അയാള്‍ ഒച്ചയില്ലാതെ ചിരിച്ചു. അപ്പോഴേക്കും എസ്.ഐ. പറഞ്ഞു: ഫൈന്‍ അടച്ച് മാഷ് പോയ്ക്കോ.
ഞാന്‍ ലോക്കപ്പിലേക്ക്‌ നോക്കി. അയാളുടെ മുഖത്ത് നേര്‍ത്ത മന്ദഹാസം. ഇപ്പോഴും എനിക്കയാളെ അറിയില്ല. അപരിചിതനെങ്കിലും ലോക്കപ്പില്‍ നിന്നും ഒരുപിടി ചോരപ്പൂക്കള്‍ നീട്ടിയ അയാളാര്?

Saturday, January 10, 2009

പൂര്‍വവിദ്യാര്‍ഥി

ബോംബെയില്‍ കമ്പനിയില്‍ ജോലിയാണ്.
സാറ് പഠിപ്പിച്ചതാണ്. പേര് ജിജേഷ് .
കാറില്‍ നിന്നിറങ്ങിയ ജിജേഷ് കുറച്ച് ഇംഗ്ലീഷിലും മലയാളത്തിലും പറഞ്ഞു. എന്റെ ഹൃദയം പൂത്തു.
ഇന്നത്തെ ദിവസം സാറ് എന്നോടൊപ്പം ചെലവഴിക്കണം. എവിടെ വേണമെങ്കിലും പോകാം.
ഇളം പാട്ടിന്റെ താളത്തില്‍ കാറിലിരിക്കുമ്പോള്‍ ഒരു അധ്യാപകന്റെ സാര്‍ഥകതയും ചാരിതാര്‍ഥ്യവും ഉള്ളിലുണ്ടായിരുന്നു. കൈയെഴുത്തുമാസികയില്‍ കവിതയെഴുതിയതിനെപ്പറ്റിയും സ്കൂളില്‍ വല്‍സലന്‍ വാതുശ്ശേരി വന്നതിനെപ്പറ്റിയും അവനിപ്പോഴും ഓര്‍മയുണ്ട്. അഞ്ഞൂറിലധികം പണിക്കാര്‍ ബോംബെയില്‍ അവനു കീഴിലുണ്ട്.
.സി.യിലിരുന്ന് ആവശ്യത്തിലധികം ഭക്ഷണം കഴിച്ചു. മദ്യപിക്കുമോ എന്നു ചോദിച്ചപ്പോള്‍ ബിസിനസ് ടെന്‍ഷന്‍ മാറ്റാന്‍ ബിയര്‍ കഴിക്കുമെന്ന് പറഞ്ഞു. ഇടയ്ക്കിടയ്ക്ക് അവന്റെ വിലകൂടിയ മൊബൈലില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും കോളുകള്‍ വന്നു. മുഴപ്പിലങ്ങാട് ബീച്ചിലിരുന്ന് കടലിന്റെ അപാരതയും മദ്യത്തിന്റെ ലഹരിയും നുകര്‍ന്നു.
ജിജേഷ്: മാഷിനൊരു സിനിമയെടുത്താലെന്താ?
ഞാന്‍ :അതിന് പണമിറക്കാനാളു വേണ്ടേ?
അവന്റെ മുഖത്തിനു കനംവെച്ചു; ഞാന്‍ തയ്യാറാണ്.
എനിക്ക് അവനെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അടുത്ത വരവിനു സംസാരിക്കാമെന്നവന്‍ . എന്നെ കാറില്‍ വീട്ടിലാക്കി ഒരു ഹിന്ദി പാട്ടും പാടി അവന്‍ പോയി.
പിന്നീട് അവന്റെ നമ്പറില്‍ വിളിച്ചിട്ട് കിട്ടുന്നില്ല. ഒരു വിവരവുമില്ല. അവന്റെ വീട് ഞാന്‍ ഒരുവിധം കണ്ടുപിടിച്ചു. അമ്പരപ്പിക്കുന്നതായിരുന്നു വീട്. ചെറിയ ഒരു ഓലക്കൂര. ലളിത ജീവിതം തന്നെ- ഞാന്‍ കരുതി. മടിച്ചു മടിച്ച്‌ മുഷിഞ്ഞ വേഷത്തില്‍ വന്ന അവന്റെ അമ്മയോടു ചോദിച്ചു.
:ജിജേഷുണ്ടോ?
അമ്മ ക്ഷുഭിതയായി: അവന്റെ കാര്യം പറയേണ്ട. ഒരു ജോലിയും ചെയ്യില്ല. എവിട്യാന്നറിയില്ല. ഇവിടെ പട്ടിണിയാണ്. തെണ്ടി നടക്ക്വാ.
:നിങ്ങളാരാ?
ഞാനൊന്നും പറഞ്ഞില്ല. പുറത്തു മഴയുണ്ടായിരുന്നു. മഹാനായ ഒരു നാടകക്കാരനെ പഠിപ്പിച്ചതിന്റെ എല്ലാ ചാരിതാര്‍ഥ്യത്തോടും കൂടി പടിയിറങ്ങി.