Thursday, December 16, 2010

മുത്തപ്പന്‍

നന്ദന് കോരന്‍ മേസ്തിരിയുടെ വീട്ടില്‍ക്കൂടലിനോട് അനുബന്ധിച്ചുള്ള മുത്തപ്പന്‍ വെള്ളാട്ടത്തിനു പോകാന്‍ തീരെ താല്പര്യം ഉണ്ടായിരുന്നില്ല. എങ്ങനെയൊക്കെയോ അയാള്‍ തികച്ചും ഒരേകാകിയായി മാറിയിരുന്നു.. ജീവിതത്തെ കുറിച്ച് ചിന്തിച്ചപ്പോഴൊക്കെ താനൊരു വിഡ്ഢിയാണെന്ന് ഓരോ ദിവസവും അയാള്‍ക്ക് ബോധ്യപ്പെട്ടു കൊണ്ടിരുന്നു. ആളുകളുടെ കയ്യിലൊക്കെ കണ്ടമാനം പണം ഉണ്ട്, കാറുണ്ട്. പല പണികളും ചെയ്തിട്ടും തന്റെ കയ്യില്‍ മാത്രം ഒന്നുമില്ല.
പഴയ നാടക സ്മരണകള്‍ പറയുമ്പോള്‍ കൂട്ടുകാര്‍ക്ക് തന്നെ ബോറടിയാണ്.. ഇപ്പോള്‍ നാടകങ്ങള്‍ ഇല്ല. അധിക സമയവും വീട്ടില്‍ തന്നെ. കൂട്ടിനു അമ്മയുടെ പ്രാകലുകള്‍. പെയിന്റിംഗ് പണിക്കു പോകും. ഇങ്ങനെയൊക്കെ ആണെങ്കിലും നാടന്‍ കള്ളിന്റെ മദം പൊട്ടിക്കുന്ന മണം നന്ദനെ വെള്ളാട്ടമുള്ള സ്ഥലത്തെത്തിച്ചു.
വലിയ പണക്കാര്‍ കസവ് മുണ്ട് ഉടുത്ത് മുത്തപ്പന് ചുറ്റും കൂടിയിരിക്കുന്നത് അയാള്‍ ദൂരെ നിന്ന് കണ്ടു. അപ്പോഴാണ് "അന്ധകാരത്തിന് ശേഷം വെളിച്ചം വരും" എന്നുറക്കെ പറഞ്ഞു കൊണ്ട് മുത്തപ്പന്‍ നന്ദനെ മാടിവിളിച്ചത്. മുത്തപ്പന്‍ രണ്ടുമൂന്നു ചെറു കിണ്ടികളിലായി നന്ദന് കള്ള് കൊടുത്തു. ഏറെ നേരം കെട്ടിപ്പിടിച്ചു അനുഗ്രഹിച്ചു:"വലിയ കലാകാരനായിത്തീരും".
തുമ്പയുടെയും മഞ്ഞളിന്റെയും മണം നെഞ്ചിലേറ്റി ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അയാള്‍ മുത്തപ്പന്റെ മാറില്‍ കിടന്നു വിതുമ്പി. പുതിയ ഉണര്‍വ് കിട്ടിയപോലെ അയാള്‍ നാലുപാടും നോക്കി. തികഞ്ഞ ആരാധനയോടെ സ്ത്രീകളും കുട്ടികളും കോരന്‍ മേസ്തിരിയും തന്നെത്തന്നെ നോക്കുന്നു. മുത്തപ്പന്റെ കാലില്‍ തൊട്ടു വന്ദിച്ച് അയാള്‍ എങ്ങോട്ടെന്നില്ലാതെ നടന്നു.
സന്ധ്യ കഴിഞ്ഞിരുന്നു...
നേരിയ മഴയുമുണ്ട്....
പഴയ വായനശാലയ്ക്ക് കീഴെ നിശബ്ദനായി അയാള്‍ കുറെ നേരം ഇരുന്നു.
അപ്പോള്‍ മങ്ങിയ വെളിച്ചത്തില്‍ തെയ്യക്കാര്‍ നടന്നു പോകുന്നത് കണ്ടു. അവര്‍ക്കൊപ്പം മുഖത്തെഴുത്തില്ലാതെ നടന്നുപോകുന്ന പഴയ നാടകസുഹൃത്ത് "പ്രേമന്‍ മുത്തപ്പനെ" ഒരു നടുക്കത്തോടെ അയാള്‍ കണ്ടു.

2 comments:

  1. ജീവിതം പോലെ തോന്നി...
    ഒരു നൊമ്പരം

    ReplyDelete
  2. മുത്തപ്പനെക്കാള്‍ വലിയ കലാകാരനോ? ഒന്ന് പോടാപ്പാ... :)
    (കുട്ടിസ്രാങ്ക്)

    ReplyDelete