Sunday, December 5, 2010

കന്മദം

ഇത്ര പരുക്കരായ മനുഷ്യര്‍ ഉണ്ടാവുമോ? കോറ രഘുവെ അങ്ങനെ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു. വയസ്സ് നാല്പത്തഞ്ച് കാണും. കരിങ്കല്‍ ക്വാറിയില്‍ ആണ് പണി. കൂറ്റന്‍ കരിങ്കല്ലുകളോട് മല്ലടിച്ച്ചു അയാളുടെ മനസ്സും കരിമ്പാറ പോലെ ആയിരിക്കുമോ? വഴിയില്‍ കണ്ടാല്‍ ഒന്ന് ചിരിക്കുക പോലുമില്ല. എന്നോടെന്നല്ല, ആരോടും. മീശ പിരിച്ചുവെക്കും. നെറ്റിയുടെ ഒരു ഭാഗത്ത്‌ മുറിവിന്റെ അടയാളം ഉണ്ട്. കഴിഞ്ഞ ദിവസം ബാലേട്ടന്റെ തട്ടുകടയില്‍ നിന്നും ഒരു ചായക്ക്‌ പറഞ്ഞു. ബാലേട്ടന്‍ വേഗം കൊടുക്കുകയും ചെയ്തു. ഞങ്ങള്‍ പണിയൊന്നുമില്ലാത്ത മൂന്നാല് പിള്ളേര്‍ ഇരിക്കുന്നുണ്ടായിരുന്നു. ചായ ഒന്ന് ചുണ്ടില്‍ വച്ച് പുറത്തേക്ക് എറിഞ്ഞു "ഇത് നിന്റെ ചന്തി കഴുകിക്കോ" എന്ന് പറഞ്ഞു കോറ രഘു ഇറങ്ങി പോയി. പേടിച്ചിട്ടു ആരും ഒന്നും പറഞ്ഞില്ല. ഞാന്‍ അയാളെപ്പറ്റി തന്നെ ഓര്‍ത്തു പോയി. ഭാര്യയോടും കുഞ്ഞുങ്ങളോടും അയാള്‍ ഇങ്ങനെ തന്നെയാവുമോ പെരുമാറുക?
പൊയിലൂര് മടപ്പുരയിലെ തിറക്ക്‌ ആരോടോ പകയുള്ളത് പോലെ അയാള്‍ തെങ്ങും ചാരി നില്‍ക്കുന്നത് കണ്ടു. കുറച്ചു നേരം നിന്ന് ഒരു ക്വോട്ടര്‍ വെള്ളം പോലും ചേര്‍ക്കാതെ അണ്ണാക്കിലൊഴിച്ച് അയാളങ്ങു പോയി. തെയ്യം കാണാനോ അടിയറയില്‍ ചേരാനോ അയാള്‍ ഉണ്ടായിരുന്നില്ല.
ഇന്നലെ വൈകുന്നേരം ക്വാറക്ക് അടുത്തുള്ള ഇടവഴിയിലൂടെ മത്തി ശശിയെ അന്വേഷിച്ചു പോകുകയായിരുന്നു ഞാന്‍. ക്വാറിയില്‍ ഉള്ളവര്‍ക്ക് മേലേ ഇടവഴി കാണാന്‍ കഴിയില്ല.
"ഈ പെണ്ണിന്റെ ഒരു കളി. ഞാന്‍ ചന്തിക്ക് ഒരടിയങ്ങു വെച്ച് തരും." പരിചിതമായ ശബ്ദം.
ഞാന്‍ താഴേക്ക്‌ നോക്കി.
ഒരൂക്കന്‍ പാറയ്ക്കിടയില്‍ നിന്ന് ഒരു പതിനാറുകാരിയോട് കോറ രഘു പറയുകയാണ്‌. അപ്പോള്‍ അവള്‍ അയാളുടെ മാറോടു ചേര്‍ന്ന് കൊമ്പന്‍ മീശ താഴ്ത്തിക്കൊണ്ടിരുന്നു, മൃദുവായി.. പുക പിടിച്ച പല്ലുകള്‍ കാട്ടി ഒരു കുട്ടിയെ പോലെ കോറ രഘു ചിരിക്കുന്നു. കരിമ്പാറ കെട്ടുകള്‍ക്കിടയില്‍ നിന്നും ഒരു സിനിമയിലെന്ന പോലെ കന്മദം ഒഴുകുന്നത്‌നോക്കി ഏറെ നേരം ഞാന്‍ നിന്നു..

1 comment:

  1. മിനിക്കഥ കൊള്ളാം പ്രകാശൻ. കൂടുതൽ വാചാലമായ കഥകൾ പ്രതീക്ഷിക്കുന്നു.

    ReplyDelete