Saturday, April 18, 2009

കടല്‍സഞ്ചാരം

കണ്ടമാത്രയില്‍തന്നെ ഹൃദയം നൊന്തു. പ്രണയം. കുഞ്ഞുനാള്‍ മുതല്‍ ഞാന്‍ വരച്ചുകൊണ്ടിരുന്നത് ഇവളുടെ ചിത്രമായിരുന്നു. കാലങ്ങളായി ഈ രൂപം തേടി അലയുകയായിരുന്നു ഞാന്‍ . ഒരു മുയല്‍കുഞ്ഞുപോലുള്ള പെണ്‍കുട്ടി. പക്ഷെ വന്യമായ ഏതോ കരുത്ത് അവളുടെ സിരകളിലുണ്ട്. ആദ്യം കണ്ടപ്പോള്‍ ഒന്നും പറയാന്‍ കഴിഞ്ഞില്ല. ഒരുപാട് ഗസലുകളുടെ മടിയിലിരുന്ന് ഒരു 400 പേജ് നോട്ടുനിറയെ അവളെ വരച്ചു. ഒരു നാടക റിഹേഴ്സല്‍ മുറിയില്‍ പാതിരാത്രി പുസ്തകം കൈമാറി. പ്രണയത്തിന്റെ നോവും കിനാവും കൊണ്ട് ഉന്മാദം പൂണ്ട് മദ്യശാലകളിലൂടെ നടന്നു. ഒടുവില്‍ ഉടയാടകളില്ലാതെ പരസ്പരം പുതപ്പുകളായി കിടന്നു വിതുമ്പി. ആ ദിവസം രാവിലെ അവളുടെ എഴുത്തുമുറിയിലിരുന്ന് ഞാനെഴുതി: "പ്രിയപ്പെട്ടവളേ നിന്റെ തീരത്തേക്ക് ഇനിയും മുക്കുവന്മാര്‍ വരാം. പക്ഷെ അങ്ങേയറ്റം പുരാതനമായ ഒരു നൗകയില്‍ പ്രാക്തനനായ ഒരു മുക്കുവന്‍ നിന്റെ തീരത്തെത്തിയ വിവരം അവരോടു പറയണം."
അവളെങ്ങോ പോയ്മറഞ്ഞു. സിരകളില്‍ ലഹരിപെരുകുന്ന സന്ധ്യകളില്‍ ഇപ്പോഴും അവളുടെ തീരത്തെത്താന്‍ വെമ്പാറുണ്ട്. പ്രിയപ്പെട്ടവളേ നിന്റെ മനസില്‍ എപ്പോഴെങ്കിലും ഈ പ്രാക്തനനായ മുക്കുവനെക്കുറിച്ചുള്ള ഓര്‍മകളുണരാറുണ്ടോ? തുളവീണ തോണിയില്‍ കുതിച്ചുയരുന്ന തിരകള്‍ മുറിച്ചെത്തുന്ന ഈ പരാജിതനായ മുക്കുവന്‍ നിന്റെ കിനാക്കടലില്‍ എവിടെങ്കിലുമുണ്ടോ സഖീ?

3 comments:

  1. കരയിലെത്തുന്ന നാവികന്റെ നിശായാത്ര എന്നു വിവക്ഷിക്കാമെന്നു തോന്നുന്നു,

    ReplyDelete
  2. കടല്‍ നീന്തി കടക്കും വരെ മാത്രമല്ലേ കടലുള്ളൂ മാഷേ...
    മുറിച്ചു നീന്തി മറുകര എത്തിയാല്‍ പിന്നെ കടല്‍ വെറുമൊരു തൊടാന്...
    പക്ഷെ, അത് കൊണ്ടു തന്നെയാവണം ഇതുവരെ അധികമാരും കടല്‍ നീന്തി കടന്നിട്ടില്ലാത്തതും

    ReplyDelete
  3. കരയും
    കടലും തമ്മിൽ
    ഒരുപാടു ദൂരമില്ല
    ആഴങ്ങളെ
    ഉള്ളൂ
    ആഴങ്ങൾ
    തമ്മിൽ
    ഒരുപക്ഷെ
    ഒരു കടലോളം
    ദൂരമുണ്ടാവം

    ReplyDelete